പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ ബഫര്‍സോണ്‍ പ്രഖ്യാപിക്കൂ: എം.വി. ഗോവിന്ദന്‍

പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ ബഫര്‍സോണ്‍ പ്രഖ്യാപിക്കൂ: എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ ബഫര്‍സോണ്‍ പ്രഖ്യാപിക്കൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പുരയിടമോ കൃഷിയിടമോ ബഫര്‍സോണില്‍ ഉള്‍പ്പെടുന്ന അവസ്ഥ ഉണ്ടാവില്ല. സമരം നടത്താനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. 

ജനുവരി ആദ്യവാരമാണ് ബഫര്‍സോണ്‍ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. അപ്പോള്‍ ബഫര്‍സോണില്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളുള്ള ഫീല്‍ഡ് സര്‍വേ റിപ്പോര്‍ട്ടും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. 

ജൂണ്‍ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് നല്‍കാനുളള സമയപരിധി ഈ മാസം തീരുകയാണ്. പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ കണ്ട് റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് മുഖ്യമന്ത്രി വരെ പറഞ്ഞു കഴിഞ്ഞു. എതിര്‍പ്പുകള്‍ തണുപ്പിക്കാന്‍ ഫീല്‍ഡ് സര്‍വേ നടത്തുമെന്നാണ് സര്‍ക്കാരിന്റെ പുതിയ വാഗ്ദാനം. 

സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഒരു സത്യവാങ് മൂലം കൂടി കോടതിയില്‍ നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.