രണ്ട് ജീവനക്കാരുടെ വിരമിക്കല്‍ പ്രായം നീട്ടി; ഹൈക്കോടതിയുടെ അസാധാരണ നടപടി

രണ്ട് ജീവനക്കാരുടെ വിരമിക്കല്‍ പ്രായം നീട്ടി; ഹൈക്കോടതിയുടെ അസാധാരണ നടപടി

കൊച്ചി: ജോയിന്റ് രജിസ്ട്രാര്‍ അടക്കം രണ്ട് ജീവനക്കാരുടെ വിരമിക്കല്‍ സമയം നീട്ടി നല്‍കി ഹൈക്കോടതിയുടെ അസാധാരണ നടപടി. സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് ഉത്തരവ്. ഈ മാസം വിരമിക്കേണ്ട രണ്ടു ജീവനക്കാര്‍ക്കാണ് സര്‍വീസില്‍ തുടരാമെന്നാണ് കോടതി ഉത്തരവായത്.

സാധാരണ സര്‍ക്കാര്‍ ജീവനക്കാരുടേതിനു സമാനമായി 56 വയസാണ് ഹൈക്കോടതിജീവനക്കാരുടേയും വിരമിക്കല്‍ പ്രായം. ഇത് രണ്ട് വര്‍ഷം ദീര്‍ഘിപ്പിക്കണമെന്ന ശുപാര്‍ശ ഹൈക്കോടതി സര്‍ക്കാരിലേക്ക് നല്‍കിയിരുന്നു.

എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല. ഇതിനിടയില്‍ സര്‍വീസ് നീട്ടി നല്‍കണമെന്ന ആവശ്യവുമായി രണ്ട് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് അനു ശിവരാമന്‍ നല്‍കിയ ഇടക്കാല ഉത്തരവില്‍ ഇവര്‍ക്ക് സര്‍വീസില്‍ തുടരാനുള്ള അനുമതി നല്‍കിയിരുന്നില്ല.

റിട്ട് ഹര്‍ജിയിലെ അന്തിമ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും അവരുടെ റിട്ടയര്‍മെന്റ് എന്ന ഇടക്കാല ഉത്തരവാണ് അന്ന് ഉണ്ടായിരുന്നത്. ഇതിനിടയിലാണ് ഹൈക്കോടതിയിലെ ഡ്രൈവറും മറ്റൊരു ജോയിന്റ് രജിസ്ട്രാറും ഹൈക്കോടതിയില്‍ മറ്റൊരു ഹര്‍ജിയുമായി എത്തിയത്. ഇവര്‍ ഈ മാസം വിരമിക്കേണ്ടവരായിരുന്നു.

ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ വിരമിക്കല്‍ നീട്ടിനല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതുപ്രകാരം സര്‍വീസ് നീട്ടിനല്‍കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.