റിസോര്‍ട്ടിന്റെ പേരില്‍ അനധികൃതമായി സ്വത്ത്; ഇ പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി പി ജയരാജന്‍

റിസോര്‍ട്ടിന്റെ പേരില്‍ അനധികൃതമായി സ്വത്ത്; ഇ പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി പി ജയരാജന്‍

കണ്ണൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി സി.പി.എം നേതാവ് പി ജയരാജന്‍. കണ്ണൂരിലെ ആയൂര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം. സി.പി.എം സംസ്ഥാന സമിതിയിലാണ് പി ജയരാജന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

ഇ.പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടത്. ഇ.പി ജയരാജന്റെ ഭാര്യയും മകനുമാണ് റിസോര്‍ട്ടിന്റെ ഡയറക്ടര്‍മാര്‍. ആരോപണം എഴുതി നല്‍കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നിര്‍ദേശിച്ചു. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും പി ജയരാജന്‍ പറഞ്ഞു.

റിസോര്‍ട്ടുമായി ബന്ധപ്പെട്ട വലിയ രീതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട്. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയൂര്‍വേദിക്ക് വില്ലേജും നിര്‍മ്മിച്ചതെന്നുമാണ് പി ജയരാജന്റെ ആരോപണം. കണ്ണൂരിലെ വെള്ളിക്കീലിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.