തൃശൂരില്‍ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

തൃശൂരില്‍ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ എറവ് സ്‌കൂളിനു സമീപം കാറും ബസും കൂട്ടിയിടിച്ച് നാല് മരണം. കാര്‍ യാത്രികരായിരുന്ന എല്‍ത്തുരുത്ത് സ്വദേശികളായ സി.ഐ. വിന്‍സന്റ് (61), ഭാര്യ മേരി (56), വിന്‍സന്റിന്റെ സഹോദരന്‍ തോമസ്, ബന്ധു ജോസഫ് എന്നിവരാണ് മരിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ റിട്ടയേഡ് അധ്യാപകനാണ് വിന്‍സന്റ്.

ഉച്ചക്ക് 12:45 നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ചാവക്കാട് ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബം തൃശൂരില്‍ ഒരു വിവാഹ ചടങ്ങിന് പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തൃശൂരില്‍ നിന്ന് വാടാനപ്പള്ളിയിലേക്ക് പോവുകയായിരുന്ന തരകന്‍സ് ബസിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

അപകടത്തിന്റെ ശക്തിയില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ കാറ് വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഏറെ നേരത്തെ ശ്രമഫലമായിട്ടാണ് യാത്രികരെ പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.