ചാന്‍സലര്‍ ബില്‍: ഗവര്‍ണര്‍ നിയമോപദേശം തേടി; തീരുമാനം നീണ്ടാല്‍ നിയമ വഴി നോക്കാന്‍ സര്‍ക്കാര്‍

ചാന്‍സലര്‍ ബില്‍: ഗവര്‍ണര്‍ നിയമോപദേശം തേടി; തീരുമാനം നീണ്ടാല്‍ നിയമ വഴി നോക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ചാന്‍സലര്‍ ബില്ലില്‍ തുടര്‍ നീക്കങ്ങള്‍ക്ക് തുടക്കമിട്ട് ഗവര്‍ണര്‍. ഇതിന്റെ ആദ്യ പടിയായി ബില്ലില്‍ ഗവര്‍ണര്‍ നിയമോപദേശം തേടി. മൂന്നിന് തലസ്ഥാനത്ത് എത്തുന്ന ഗവര്‍ണര്‍ രാജ്ഭവന്‍ സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെ നിയമോപദേശം പരിശോധിച്ച് തുടര്‍ തീരുമാനമെടുക്കും. ഉപദേശങ്ങള്‍ പരിഗണിച്ച് ബില്‍ രാഷ്ട്രപതിക്ക് വിടാനാണ് സാധ്യത.

വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനത്തിന് മാത്രം തീരുമാനമെടുക്കാനാകില്ല എന്നാണ് ഗവര്‍ണറുടെ നിലപാട്. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റുന്ന ബില്ലില്‍ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയതുമാണ്.

നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടര്‍ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാല്‍ പിന്നെ ബില്ലില്‍ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിര്‍ണയ സമിതിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ മാസങ്ങളായി രാജ്ഭവനില്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.

ലോകായുക്ത ബില്ലിലും തീരുമാനമെടുത്തിട്ടില്ല. സര്‍വകലാശാല അപ്പലേറ്റ് ട്രിബ്യൂണല്‍ ഭേദഗതി ബില്ലില്‍ ഒരു വര്‍ഷത്തിലേറെയായി ഗവര്‍ണറുടെ തീരുമാനം നീളുകയാണ്. ചാന്‍സലര്‍ ബില്ലില്‍ തീരുമാനം അനന്തമായി നീട്ടിയാല്‍ നിയമവഴി തേടാനാണ് സര്‍ക്കാര്‍ നീക്കം. നേരത്തെ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടങ്ങിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.