തിരുവനന്തപുരം: മാസങ്ങളോളം നീണ്ടു നിന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം അവസാനിക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷുമായി കക്ഷി നേതാക്കള്‍ നടത്തിയ സമവായ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.
ഇതോടെ കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷം നടത്തി വരുന്ന സമരം അവസാനിപ്പിക്കും. ഡി.ആര്‍ അനിലിനെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കും. കത്ത് എഴുതിയ കാര്യം ഡി.ആര്‍ അനില്‍ സമ്മതിച്ചിട്ടുണ്ട്. ഭരണപരമായ കാര്യങ്ങളില്‍ ഉയര്‍ന്ന ആക്ഷേപം പ്രത്യേകം പരിശോധിക്കും.
ആരോഗ്യകരമായ ചര്‍ച്ചയാണ് നടന്നതെന്ന് ബിജെപി നേതാവ് വി.വി രാജേഷ് പറഞ്ഞു. മേയറുടെ രാജി ആവശ്യം കോടതി തീരുമാനത്തിന് അനുസരിച്ച് നടക്കും. നഗരസഭയിലെ ദൈനം ദിന പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്നും വി.വി രാജേഷ് അറിയിച്ചു.
സമരം അവസാനിപ്പിക്കുന്നുവെന്ന് യു.ഡി.എഫും വ്യക്തമാക്കി. മൊത്തം അഴിമതിക്കെതിരെയായിരുന്നു സമരമെന്ന് പാലോട് രവി പറഞ്ഞു. ഇതോടെ തിരുവനന്തപുരം നഗരസഭയില്‍ കഴിഞ്ഞ 56 ദിവസമായി തുടരുന്ന സമരമാണ് അവസാനിക്കുന്നത്.