'മുഖ്യമന്ത്രിയുടെ ആവശ്യം കണക്കിലെടുത്തു മാത്രം സത്യപ്രതിജ്ഞ നടത്തേണ്ടതില്ല': ഗവര്‍ണര്‍ക്ക് നിയമോപദേശം

'മുഖ്യമന്ത്രിയുടെ ആവശ്യം കണക്കിലെടുത്തു മാത്രം സത്യപ്രതിജ്ഞ നടത്തേണ്ടതില്ല': ഗവര്‍ണര്‍ക്ക് നിയമോപദേശം

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനത്തിന് മുഖ്യമന്ത്രിയുടെ ആവശ്യം കണക്കിലെടുത്തു മാത്രം സത്യപ്രതിജ്ഞ നടത്തേണ്ടതില്ലെന്ന് ഗവർണർക്ക് നിയമോപദേശം. ഗവർണർ ആരിഫ് മുഹമ്മദ്‌ഖാന്റെ ലീഗൽ അഡ്വൈസർ ഗോപകുമാരൻ നായരാണ് നിയമോപദേശം നൽകിയത്.

കോടതി കുറ്റവിമുക്തനാക്കി എന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുത്. ഇക്കാര്യങ്ങൾ സംബന്ധിച്ച് വിശദാംശങ്ങൾ തേടണം. ഗവർണർ ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിലുണ്ട്. വിഷയത്തിൽ അന്തിമ തീരുമാനം ഗവർണർ നാളെ എടുക്കും.

നേരത്തെ സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് വിശദമായി പരിശോധന നടത്തുമെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ അന്തസിനെ അപമാനിച്ചു എന്നതാണ് സജി ചെറിയാനെതിരായ കേസ്. കേസിന്റെ പുരോഗതിയിൽ എന്തു മാറ്റമുണ്ടായെന്നു പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തതു കൊണ്ടല്ലേ അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നത്. വിഷയത്തിൽ കഴമ്പുണ്ടെന്ന് കണ്ടല്ലേ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. ഈ സാഹചര്യം മാറിയോ എന്നു പരിശോധിക്കും. നിയമോപദേശകന്റെ അഭിപ്രായവും പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ തടയാനാകില്ലെന്ന് രാജ്ഭവന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ കഴിഞ്ഞ ദിവസം നിയമോപദേശം നല്‍കിയിരുന്നു. മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രി പേര് നിര്‍ദേശിച്ചാല്‍ ഗവര്‍ണര്‍ക്ക് തള്ളാനാകില്ല. സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

മന്ത്രിയാക്കുന്നതിനോട് എതിർപ്പുണ്ടെങ്കിൽ സര്‍ക്കാരിനോട് വിശദീകരണം തേടാം. സത്യപ്രതിജ്ഞയ്ക്കുള്ള നടപടികള്‍ ഒരുക്കാന്‍ ഗവര്‍ണര്‍ നിയമപരമായി ബാധ്യസ്ഥനാണ് എന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.