കൊല്ലം: ഫാത്തിമ മാതാ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുടെ ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കൊറ്റങ്കര സ്വദേശിയായ 32 കാരിയെയാണ് മരിച്ചനിലയില്‍ കണ്ടത്. പൂര്‍ണനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. തലയുടെ ഇടതുഭാഗത്തും നെഞ്ചിലുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്.
സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളിൽ വില്‍പ്പന നടത്തുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാവ് കുണ്ടറ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ഇതുവഴിവന്ന രണ്ട് യുവാക്കളാണ് ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഈസ്റ്റ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ കൂടുതല്‍ പൊലീസും ഡോഗ്‌സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് യുവതിയുടെ ബാഗും കണ്ടെത്തി. കൊലപാതകമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ്.