ശബരിമല തീര്‍ത്ഥാടക വാഹനത്തിന് നേരെ യുവാവിന്റെ ആക്രമണം: ബസിന്റെ ചില്ല് തകര്‍ത്തു; ഒന്‍പത് വയസുകാരിയുടെ കൈയ്ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടക വാഹനത്തിന് നേരെ യുവാവിന്റെ ആക്രമണം: ബസിന്റെ ചില്ല് തകര്‍ത്തു; ഒന്‍പത് വയസുകാരിയുടെ കൈയ്ക്ക് പരിക്ക്

ആലപ്പുഴ: ശബരിമല തീര്‍ഥാടക വാഹനത്തിനു നേരെ യുവാവ് നടത്തിയ ആക്രമണത്തില്‍ ഒന്‍പത് കാരിക്ക് പരിക്കേറ്റു. ആലപ്പുഴ കളര്‍കോടാണ് വാഹനം ആക്രമിക്കപ്പെട്ടത്. വാഹനത്തിന്റെ ചില്ല് തകര്‍ന്നു.

അക്രമിക്കായി തെരച്ചില്‍ തുടങ്ങിയെന്ന് പൊലീസ് വിശദമാക്കി. ശബരിമല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ഥാടക സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

ഒന്‍പത് വയസുകാരിയുടെ കൈക്കാണ് പരിക്കേറ്റത്. യുവാവിനൊപ്പം ടിവി റിയാലിറ്റി ഷോയിലെ താരമായ യുവതിയാണ് ഉണ്ടായിരുന്നതെന്നും അയ്യപ്പ ഭക്തര്‍ പൊലീസിന് മൊഴി നല്‍കി. യുവാവിന്റെയും യുവതിയുടെയും ഫോട്ടോ എടുത്തെന്ന് ആരോപിച്ച് ആയിരുന്നു അതിക്രമമെന്നാണ് തീര്‍ഥാടക സംഘം പറയുന്നത്.

മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ കൊട്ടേപ്പാടം സ്വദേശികളായ അയ്യപ്പഭക്തര്‍ ശബരി മല സന്ദര്‍ശനം കഴിഞ്ഞ് തിരികെ വരുകയായിരുന്നു. സംഘത്തില്‍ ഒന്‍പത് കുട്ടികളടക്കം 39 പേരുണ്ടായിരുന്നു. ഇന്നലെ രാത്രി പത്ത് മണിക്ക് ചായ കുടിക്കാന്‍ കളര്‍കോട് ജംക്ഷനില്‍ സംഘം ഇറങ്ങി.

ഈ സമയം ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്കിന് സമീപത്ത് നിന്ന് സംഘത്തിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തു. ഈ സമയം തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന യുവാവ് വൃന്ദാവന എന്ന ഒന്‍പത് വയസുകാരിയെ തള്ളിത്താഴെയിട്ടു.

തന്റെയും കൂടെയുണ്ടായിരുന്ന യുവതിയുടെയും ഫോട്ടോ എടുത്തു എന്ന് പറഞ്ഞായിരുന്നു അക്രമം. ഇതോടെ സംഘത്തിലുള്ളവരും യുവാവും തമ്മില്‍ വാക്കേറ്റമായി. മടങ്ങിപ്പോയ യുവാവ് കൈക്കോടാലി കൊണ്ടു വന്ന് അക്രമം അഴിച്ചു വിടുകയായിരുന്നു.

ബസിന്റെ വാതില്‍ ചില്ല് കോടാലി കൊണ്ട് അടിച്ചു തകര്‍ത്തു. ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. യുവാവിനായി രാത്രി തന്നെ പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.