പത്തനംതിട്ട: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗം സംബന്ധിച്ച കേസില്‍ പൊലീസ് റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന തടസ ഹര്‍ജി കോടതി തള്ളി. അഡ്വ. ബൈജു നോയല്‍ തിരുവല്ല ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
പ്രസംഗത്തില്‍ ഭരണഘടനാവിരുദ്ധ പരാമര്‍ശമില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബൈജു നോയല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതില്‍ തീരുമാനം ഉണ്ടാകുന്നതുവരെ പൊലീസ് നല്‍കിയ പരാതി തീര്‍പ്പാക്കല്‍ അപേക്ഷ പരിഗണിക്കരുതെന്നും സജി ചെറിയാനെതിരെ നല്‍കിയിട്ടുള്ള ഹര്‍ജി തള്ളരുതെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന ആക്ഷേപത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ സ്ഥാനമൊഴിയേണ്ടി വന്ന സജി ചെറിയാന്‍ ഇന്നലെയാണ് വീണ്ടും മന്ത്രിയായി ചുമതലയേറ്റത്. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തപ്പോള്‍, ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്ന വാചകം പ്രത്യേക ഊന്നല്‍ നല്‍കിയാണ് സജി വായിച്ചത്. പ്രതിപക്ഷത്തെ നേതാക്കളാരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നില്ല.