നയന കേസ്: കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി; കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

 നയന കേസ്: കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി; കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: യുവ സംവിധായിക നയനയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. നയനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേല്‍പ്പിച്ചുവെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍വാതില്‍ അടച്ചിരുന്നുവെങ്കിലും ബാല്‍ക്കണി വാതില്‍ വഴി ഒരാള്‍ക്കു രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് ഡിസിആര്‍ബി അസി. കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ നിയോഗിക്കും. നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് ദുരൂഹതകള്‍ കൂടിയത്. ഇതേ തുടര്‍ന്നാണ് ഡിസിആര്‍ബി അസി.കമ്മീഷണര്‍ തുടരന്വേഷണ സാധ്യത പരിശോധിച്ചത്.

നയനയുടേത് കൊലപാതകമല്ലെന്നും നയനക്ക് സ്വയം പരിക്കേല്‍പ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്റെ നിരീക്ഷണം. ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പൊലീസിന്റെ വിലയിരുത്തല്‍.

പക്ഷേ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങള്‍ക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതില്‍ വ്യക്തത വരുത്തുന്ന രീതിയില്‍ അന്വേഷണമെത്തിയിരുന്നില്ല. ചില നിര്‍ണായക വിവരങ്ങള്‍ ലോക്കല്‍ പൊലീസ് ശേഖരിക്കാതെയാണ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് പുതിയ സംഘത്തിന്റെ വിലയിരുത്തല്‍.

2019 ഫെബ്രുവരി 23 ന് രാത്രിയിലാണ് സുഹൃത്തുക്കള്‍ നയനയെ അബോധാവസ്ഥയില്‍ ആല്‍ത്തറയിലുളള വാടക വീട്ടിനുള്ളില്‍ കണ്ടെത്തിയത്. പൂട്ടിയിരുന്ന വാതിലുകള്‍ തുറന്നാണ് അകത്തു കയറിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

മൃതദേഹം കണ്ടെത്തിയ മുറി തള്ളി തുറന്നുവെന്നാണ് മൊഴി. അകത്തു നിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തില്‍ ആദ്യ അന്വേഷണത്തില്‍ കൃത്യയില്ലെന്ന് തുടരന്വേഷണ സംഘം വ്യക്തമാക്കുന്നു. വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് വീട്ടിന്റെ വാതില്‍ തുറന്നത്. അങ്ങനെയെങ്കില്‍ നയന ഉപയോഗിച്ചിരുന്ന താക്കോല്‍ എവിടെയെന്ന് മഹസറില്‍ പറയുന്നില്ല.

22ന് രാത്രി അമ്മയുമായി നയന അരമണിക്കൂര്‍ സംസാരിച്ചിരുന്നു. അതിന് ശേഷം മറ്റാരെയും ഫോണ്‍ വിളിച്ചിട്ടുമില്ല. ശാസ്ത്രീയമായി തുടക്കം മുതല്‍ അന്വേഷണം വേണെന്നും ഇതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നുമാണ് പുതിയ സംഘത്തിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.