തിരുവനന്തപുരം: ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം. രാജ്ഭവന്‍ ലീഗല്‍ അഡ്‌വൈസറാണ് ഇത് സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം നല്‍കിയത്.
ഗവര്‍ണറെ ബാധിക്കുന്ന വിഷയത്തില്‍ സ്വയം തീരുമാനം എടുക്കരുതെന്നാണ് ഉപദേശം ലഭിച്ചിരിക്കുന്നത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ തന്നെ തീരുമാനമെടുത്താല്‍ അതില്‍ വ്യക്തിതാല്‍പര്യം കടന്നുവരാന്‍ സാധ്യതയുണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു.
നിര്‍ണായകമായ ഭരണഘടനപദവി വഹിക്കുന്നയാളെ സംബന്ധിച്ച ബില്ലില്‍ അയാള്‍ തന്നെ തീരുമാനമെടുക്കരുത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ചാന്‍സിലര്‍ ബിൽ സംബന്ധിച്ച് ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധ്യതയില്ല.
ഭരണഘടന വിദഗ്ധരുമായി ഗവര്‍ണര്‍ കൂടിയാലോചന നടത്തിയേക്കും. സജി ചെറിയാന്റെ സത്യപ്രതിജ്ഞ വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്റെ അഭിപ്രായവും ഗവര്‍ണര്‍ തേടിയിരുന്നു. അതേസമയം ബില്ലില്‍ ഗവര്‍ണറുടെ തീരുമാനം നീണ്ടാല്‍ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.