തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെ അയോഗ്യ ആക്കണമെന്നാവശ്യപ്പെട്ട് ലോകായുക്തയില്‍ പരാതി. അര്‍ദ്ധ ജുഡീഷ്യല്‍ പദവിയിലുള്ള ചിന്താ ജെറോം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതി നല്‍കിയത്.
മുന്‍കാല പ്രാബല്യത്തോടെ ചിന്താ ജെറോമിന് ശമ്പള കുടിശിക അനുവദിക്കാനുള്ള ധന വകുപ്പിന്റെ തീരുമാനം വലിയ വിവാദമായതിന് പിറകെയാണ് ലോകായുക്തയില്‍ പരാതിയും നല്‍കിയിരിക്കുന്നത്. കേസ് തിങ്കളാഴ്ച പരിഗണിക്കും.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പള കുടിശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പിന്റെ തീരുമാനം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. നീക്കം വിവാദമായതോടെ ഉത്തരവ് നല്‍കാലം പുറത്തിറക്കാതെവച്ചിരിക്കുകയാണ് സര്‍ക്കാര്‍. ശമ്പളത്തിലെ അപാകത തീര്‍ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു ചിന്തയുടെ ന്യായീകരണം.
എന്നാല്‍ ചിന്താ ജെറോമിന്റെ അപേക്ഷയിലാണ് ധനം വകുപ്പിന്റെ നടപടികളെന്നാണ് വിവരം. 2016 ഒക്ടോബര്‍ നാലിനാണ് കമ്മീഷന്‍ അധ്യക്ഷയായി ചിന്ത ജേറോം ചുമതലയേല്‍ക്കുന്നത്. 2017 ജനുവരി ആറിന് ശമ്പളമായി അമ്പതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കി. 2018 ല്‍ കമ്മീഷന്‍ ചട്ടങ്ങള്‍ രൂപീകരിച്ചപ്പോള്‍ ശമ്പളം ഒരു ലക്ഷമാക്കി ഉയര്‍ത്തി. പിന്നാലെ നിയമനം മുതല്‍ ശമ്പളം ഉയര്‍ത്തിയത് വരെയുള്ള കാലത്തെ കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനം വകുപ്പിനും യുവജനക്ഷേമ വകുപ്പിനും ചിന്ത അപേക്ഷ നല്‍കുകയായിരുന്നു.