തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യോത്പാദന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 26 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. സംസ്ഥാന വ്യാപകമായി 440 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയുമാണ് പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചത്. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പരിശോധന കര്‍ശനമാകുന്നതിനിടയിലും കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ചത് ഏറെ ചര്‍ച്ചയായി. കോളജ് വിദ്യാര്‍ഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്. ആറു ദിവസത്തിനിടെ സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധയേറ്റ് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അഞ്ജുശ്രീ. ഇടുക്കിയില്‍ ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ ഏഴ് വയസുകാരനടക്കം മൂന്ന് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.