35 ശതമാനം വരെ ശമ്പളം ഉയര്‍ന്നേക്കും; സംസ്ഥാനത്ത് എംഎല്‍എമാർക്കും മന്ത്രിമാര്‍ക്കും ശമ്പളം വര്‍ധനവ് നടപ്പാക്കാന്‍ ശുപാര്‍ശ

35 ശതമാനം വരെ ശമ്പളം ഉയര്‍ന്നേക്കും; സംസ്ഥാനത്ത് എംഎല്‍എമാർക്കും മന്ത്രിമാര്‍ക്കും ശമ്പളം വര്‍ധനവ് നടപ്പാക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പള വര്‍ധനയ്ക്ക് ശുപാര്‍ശ. വിവിധ അലവന്‍സുകളില്‍ 35 ശതമാനം വരെ വര്‍ധനയ്ക്കാണ് ശമ്പള വര്‍ധനയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് നിയമസഭാ സാമാജികരുടെ ശമ്പള വര്‍ധന ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തുന്നത്. ദൈനം ദിന ചെലവുകള്‍ കൂടിയ സാഹചര്യത്തില്‍ ആനുകൂല്യങ്ങളും അലവന്‍സുകളും കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് സര്‍ക്കാര്‍ കമ്മീഷനെ വച്ചത്.

ജൂലൈയില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ ഏകാംഗ കമ്മീഷനാക്കി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് സര്‍ക്കിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തില്‍ വലിയ വ്യത്യാസം വരുത്താതെ അലവന്‍സുകളും ആനൂകൂല്യങ്ങളും മുപ്പത് മുതല്‍ മുപ്പത്തഞ്ച് ശതമാനം കൂട്ടാനാണ് ശുപാര്‍ശ.

യാത്ര ചെലവുകള്‍ ഫോണ്‍സൗകര്യം ചികിത്സ താമസം തുടങ്ങി വിവിധ അലവന്‍സുകളിലെല്ലാം വര്‍ധനവിന് നിര്‍ദ്ദേശമുണ്ട്. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ വിവാദ സാധ്യത മുന്നില്‍ കണ്ടെ തിരക്കിട്ട തീരുമാനത്തിനിടില്ലെന്നാണ് വിവരം. 2018 ലാണ് ഇതിന് മുമ്പ് ശമ്പള വര്‍ധന നടപ്പാക്കിയത്. മന്ത്രിമാര്‍ക്ക് നിലവില്‍ 97,429 രൂപയും എംഎല്‍എമാര്‍ക്ക് 70000 രൂപയും ആണ് ശമ്പളം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.