ലോകത്തിന് പ്രായമേറുന്നു; മുപ്പത് വർഷത്തിനുള്ളിൽ വൃദ്ധരുടെ എണ്ണം 160 കോടിയിലേറെയാകുമെന്ന് റിപ്പോർട്ട്

ലോകത്തിന് പ്രായമേറുന്നു; മുപ്പത് വർഷത്തിനുള്ളിൽ വൃദ്ധരുടെ എണ്ണം 160 കോടിയിലേറെയാകുമെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: ലോക ജനസംഖ്യയില്‍ അടുത്ത മുപ്പത് വർഷത്തിനുള്ളിൽ 65 വയസിനും അതിന് മുകളിലും പ്രായമുള്ളവരുമാകും കൂടുതൽ ഉണ്ടാവുകയെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 2050 ആകുമ്പോളെക്കും ഈ പ്രായത്തിലുള്ള ആളുകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലും അധികമാകും.

പ്രായമായവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കികൊണ്ട് മാത്രമേ ലോകത്ത് സുസ്ഥിര വികസനം സാധ്യമാകൂവെന്നും യുഎന്‍ വ്യഴാഴ്ച പുറത്തിറക്കിയ വേള്‍ഡ് സോഷ്യല്‍ റിപ്പോര്‍ട്ട് 2023 വ്യക്തമാക്കുന്നു.

ആയുര്‍ദൈര്‍ഘ്യം കൂടുന്നത് ആഗോള പ്രതിഭാസമാണ്. അതുകൊണ്ട് തന്നെ ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് ജനനം മുതല്‍ ആരോഗ്യത്തോടെ പ്രായാധിക്യത്തിലേക്ക് എത്തുന്ന സാഹചര്യമുണ്ടാകന്നതിലൂടെ മാത്രമേ നേട്ടങ്ങള്‍ ഉണ്ടാവുകയുള്ളൂവെന്ന് യുഎന്‍ വ്യക്തമാക്കുന്നു. 2021ല്‍ ലോകത്ത് 65 വയസോ അതില്‍ കൂടുതലോ ഉള്ളവര്‍ 76.1 കോടിയാണ്.

2050 ആകുന്നതോടെ പ്രായമായവരുടെ എണ്ണം 160 കോടിയിലേക്ക് ഉയരുമെന്നും ഐക്യരാഷ്ട്രസഭ പ്രതീക്ഷിക്കുന്നു. 80 വയസിന് മുകളിലുള്ളവരുടെ എണ്ണവും ഇതോടൊപ്പം വര്‍ധിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്നത് ലോകജനത നല്ല ആരോഗ്യസ്ഥിതി കൈവരിച്ചതിന്റ ഫലമായാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ മെച്ചപ്പെട്ട ശുചിത്വം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയ മികച്ച ജീവിതസാഹചര്യങ്ങളിൽ നിന്ന് പ്രയോജനം ഉൾക്കൊണ്ടാണ് മുമ്പെന്നത്തേക്കാളും കൂടുതൽ കാലം ജീവിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ സ്വാധീനവും ജനനനിരക്ക് കുറഞ്ഞതും ആധുനിക ചികിത്സാരീതികള്‍ ലഭ്യമായാതോടെ മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയില്‍ ലോക ജനത എത്തിയതുമൊക്കെയാണ് പ്രായമായവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ മരണനിരക്കിന്റെ കാര്യത്തിലും ക്രമാനുഗതമായ മാറ്റം ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2021 ല്‍ ജനിച്ച ഒരു കുട്ടി ശരാശരി 71 വയസ് വരെ ജീവിക്കും. 1950 കളില്‍ ജനിച്ച ഒരാളേക്കാള്‍ 25 വര്‍ഷം കൂടുതലാണിത്. സ്ത്രീകള്‍ക്കാണെങ്കില്‍ പുരുഷന്‍മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യവും കൂടുതലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

നിരവധി പതിറ്റാണ്ടുകളായി പ്രായമായവരുടെ എണ്ണവും ജനസംഖ്യയും ആഗോളതലത്തിൽ വർദ്ധിച്ചു. അതേസമയം കുട്ടികളുടെയും യുവാക്കളുടെയും എണ്ണം ചുരുങ്ങാൻ തുടങ്ങിയിരിക്കുവെന്നും റിപ്പോർട്ട് വ്യതമാക്കുന്നു. യൂറോപ്പിലും വടക്കന്‍ അമേരിക്കയിലുമാണ് പ്രായമായവരുടെ എണ്ണം ഇപ്പോള്‍ കൂടുതല്‍. എന്നാല്‍ വരുന്ന 30 വര്‍ഷത്തിനുള്ളില്‍ വടക്കന്‍ ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങിയ മേഖലകളില്‍ പ്രയമായവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, കിഴക്കൻ, തെക്ക്-കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വാർദ്ധക്യത്തിലുള്ളവരുടെ ജനസംഖ്യ ഏറ്റവും മുന്നിലാണ്.

ഈ പ്രദേശങ്ങളിലെ മിക്ക രാജ്യങ്ങളിലും 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകളുടെ അനുപാതം ആകെ ജനസംഖ്യയുടെ 10 ശതമാനവും ചില സന്ദർഭങ്ങളിൽ അത് 20 ശതമാനത്തിൽ കൂടുതലും ആകുന്നുണ്ട്. എന്നാല്‍ പ്രായം കൂടിയവുടെ എണ്ണത്തിലെ ഇത്തരത്തിലുള്ള വലിയ വര്‍ധന ഭാവിയിൽ അസമത്വങ്ങളിലേക്ക് നയിക്കുമെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.

ആ രോഗ്യത്തിലും വിദ്യാഭ്യാസത്തിലുമുള്ള പുരോഗതി എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാകാന്‍ ഇടയില്ലെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക ഭദ്രതയുള്ള നിരവധി പ്രായമായര്‍ ജീവിക്കുമ്പോള്‍ മറ്റുള്ളവര്‍ അസുഖങ്ങളിലോ ദാരിദ്ര്യത്തിലോ ജീവിക്കേണ്ടതായി വരുമെന്ന് യുഎന്‍ പറയുന്നു.

സമ്പദ് വ്യവസ്ഥയുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുകയും പ്രായമായവരെ പരിഗണിക്കുന്ന രീതിയില്‍ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ മാറ്റം വരണമെന്നും യുഎന്നിന്റെ വേൾഡ് സോഷ്യൽ 2023 റിപ്പോർട്ട് അടിവരയിടുന്നു.

സുസ്ഥിരമായ ഭാവി കൈവരിക്കാനുള്ള ശ്രമങ്ങളുടെ കേന്ദ്രബിന്ദുവായി പ്രായമായവരുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കാൻ മെച്ചപ്പെട്ട നടപടികളും റിപ്പോർട്ട് ആവശ്യപ്പെടുന്നു. കൂടാതെ പ്രായം കൂടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ദീര്‍ഘകാല പരിചരണത്തിന്റെ ആവശ്യകതയിലേക്ക് കൂടിയാണ് വിരല്‍ ചുണ്ടുന്നത്. കോവിഡ് കാലത്ത് ഇത് വ്യക്തമായതാണ്. എന്നാല്‍ മിക്ക രാജ്യങ്ങള്‍ക്കും ഇതിന് ആവശ്യമായ ഫണ്ട് ഇല്ലെന്നതാണ് യാഥാര്‍ഥ്യം.

പ്രായമായവര്‍ കൂടുന്നത് ലോകത്തിന്റെ സാമ്പത്തിക ക്രമത്തെയും ബാധിക്കും. ഇവരുടെ കര്‍മശേഷി കുറവായിരിക്കും. ഉത്പാദനം നടക്കുന്നതിനേക്കാള്‍ ചെലവുകള്‍ അധികമായിരിക്കും. ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കും വേണ്ടി കൂടുതല്‍ തുക ചെലവാക്കേണ്ടതായി വരും.

പെന്‍ഷന്‍ സംവിധാനങ്ങളിലടക്കം സാമൂഹിക സുരക്ഷയ്ക്ക് ആവശ്യമായ നയങ്ങളില്‍ മാറ്റം വരുത്തണമെന്നും എല്ലാവര്‍ക്കും തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സമ്പദ് വ്യവസ്ഥയുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുകയും പ്രായമായവരെ പരിഗണിക്കുന്ന രീതിയില്‍ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ മാറ്റം വരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.