ഗ്വാട്ടിമാലാ സിറ്റി: ഗ്വാട്ടിമാലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ വെള്ളത്തില്‍ അലിയിക്കാനായി സൂക്ഷിച്ച വിശുദ്ധ കുര്‍ബാനയില്‍ അദ്ഭുതകരമായ മാറ്റങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള പഠനങ്ങളും ശാസ്ത്രീയ പരിശോധനകളും നടത്താൻ കത്തോലിക്കാ സഭ ഒരുങ്ങുകയാണ്. അതേസമയം, ഇക്കാര്യത്തിൽ വിശ്വാസികൾ തിരക്കിട്ട് നിഗമനങ്ങളിലെത്തരുതെന്നും തികഞ്ഞ ‘വിവേകവും സംയമനവും’ പാലിക്കണമെന്നും പ്രാദേശിക സഭാ നേതൃത്വം ആഹ്വാനം ചെയ്തു.
ഗ്വാട്ടിമാലാ സിറ്റിയില്‍ നിന്ന് 40 മൈല്‍ ദൂരെയുള്ള ക്വില്‍പാ എന്ന സ്ഥലത്തെ ഒരു സ്വകാര്യ സ്‌കൂളില്‍ ജൂലൈ 30 ന് നടന്ന ദിവ്യകാരുണ്യ ചടങ്ങിനിടയിലാണ് സംഭവങ്ങളുടെ തുടക്കം. സാന്താ റോസാ ഡി ലിമ രൂപതയുടെ കീഴിലുള്ള ഉണ്ണീശോയുടെ നാമത്തിലുള്ള കത്തീഡ്രലിന്റെ നേതൃത്വത്തില്‍ ആചരിച്ച ദിവ്യകാരുണ്യ മിഷനറി വാരത്തിന്റെ ഭാഗമായായിരുന്നു ഈ കുര്‍ബാന അർപ്പണം.
ദിവ്യകാരുണ്യ സ്വീകരണ സമയത്ത്, ഒരു വിദ്യാര്‍ത്ഥി താൻ സ്വീകരിച്ച വിശുദ്ധ കുര്‍ബാന വായില്‍ നിന്ന് പുറത്തെടുക്കാൻ ശ്രമിക്കുന്നത് കാര്‍മികനായ വൈദികന്റെ ശ്രദ്ധയില്‍പ്പെട്ടു. വൈദികന്‍ ഉടന്‍ തന്നെ അത് വാങ്ങി സൂക്ഷിക്കുകയും ചെയ്തു. സഭാ നിയമപ്രകാരം ഇത്തരം സന്ദർഭങ്ങളിൽ അനുവർത്തിക്കാറുള്ള നടപടിക്രമം അനുസരിച്ച് വിശുദ്ധ കുര്‍ബാന വെള്ളത്തില്‍ സ്വാഭാവികമായി അലിഞ്ഞുപോകുന്നതിനായി വൈദികന്‍ അത് റെക്ടറി ചാപ്പലിലെ വെള്ളം നിറച്ച ഗ്ലാസ് പാത്രത്തില്‍ നിക്ഷേപിക്കുകയാണുണ്ടായത്.
തുടർന്ന് ഓഗസ്റ്റ് 13 ന് ചാപ്പല്‍ ശുചീകരിക്കുന്നതിനിടെയാണ് ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ ഈ അദ്ഭുതകരമായ കാഴ്ച ശ്രദ്ധിച്ചത്. രണ്ടാഴ്ചയോളമായി വെള്ളത്തിൽ കിടന്നിട്ടും വിശുദ്ധ കുര്‍ബാന അലിഞ്ഞുപോയില്ലെന്നു മാത്രമല്ല അതിൽ രക്തക്കറപോലുള്ള ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. വിവരം ഉടൻ തന്നെ വികാരിയച്ചൻ സാന്താ റോസാ ഡി ലിമ രൂപതാ മെത്രാന്‍ ഹോസെ കയേത്താനോ പറാ നോവോയെ അറിയിക്കുകയും ചെയ്തു.
ശാസ്ത്രീയവും സഭാത്മകവുമായ ഔദ്യോഗിക അന്വേഷണങ്ങള്‍ പൂര്‍ത്തിയാകാതെ ഇതിനെ ഒരു ‘അത്ഭുതം’ എന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന് രൂപതാ അധികൃതർ വ്യക്തമാക്കി. ഇത്തരം സന്ദർഭങ്ങളിൽ വിശ്വാസികൾ തിടുക്കത്തിൽ നിഗമനങ്ങളിൽ എത്തിച്ചേരരുതെന്ന് ബിഷപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സഭയുടെ ചരിത്രത്തിൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കൃത്യമായ തെളിവുകളുടെയും സമഗ്രമായ പരിശോധനകളുടെയും അടിസ്ഥാനത്തിൽ മാത്രമേ സഭ ഇവ അംഗീകരിക്കാറുള്ളൂ.
നിലവിലെ സാഹചര്യത്തിൽ വിശുദ്ധ കുര്‍ബാന പൊതുജനങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നതല്ല. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനും ശാസ്ത്രീയ പരിശോധനകൾ നടത്തുന്നതിനുമുള്ള ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ ബിഷപ്പ് ഇതിനോടകം നൽകിക്കഴിഞ്ഞു.