കാഠ്മണ്ഡു: ചൈന-നേപ്പാൾ അതിർത്തിയിൽ വലിയ നാശനഷ്ടങ്ങൾ വിതച്ച പ്രളയത്തിന് കാരണമായ വൻ ഹിമപാതത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ യാദൃശ്ചികമായി പുറത്ത്. ചൈനയിലെ ഷീസാങ് സ്വയംഭരണ പ്രദേശത്തുള്ള ഗിറോങ് കൗണ്ടിയിലെ മലനിരകളുടെ ദൃശ്യങ്ങൾ പകർത്തിയ ഒരു വിനോദസഞ്ചാരിയുടെ മൊബൈൽ ക്യാമറയിലാണ് ഈ പ്രകൃതിദുരന്തത്തിന്റെ നിമിഷങ്ങൾ പതിഞ്ഞത്.
അതിർത്തി മേഖലയായ ഗിറോങ് പോർട്ടിനെ തകർത്തെറിഞ്ഞ പ്രളയത്തിന് പിന്നിൽ നേപ്പാൾ ഭാഗത്തുണ്ടായ ഭീമാകാരമായ ഈ ഹിമപാതമാണെന്ന് ചൈനീസ് ശാസ്ത്രജ്ഞരും സ്ഥിരീകരിച്ചു.
ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടൻ ഹസാർഡ്സ് ആൻഡ് എൻവയോൺമെന്റ് ഡയറക്ടർ കാങ് ഷിചാങ് ആണ് ഇതുസംബന്ധമായ നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്ത് ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായി ശാസ്ത്രജ്ഞർ നേരത്തെ അടയാളപ്പെടുത്തിയ അതേ മലനിരകൾ തന്നെയാണ് വിനോദസഞ്ചാരിയുടെ വീഡിയോയിലുള്ളതെന്ന് അദേഹം വ്യക്തമാക്കി.
നേപ്പാൾ അതിർത്തിയിലുണ്ടായ ഈ കനത്ത ഹിമപാതമാണ് ചൈനയിലെ ഗിറോങ് പോർട്ടിൽ വൻ നാശം വിതച്ച തുടർച്ചയായ ദുരന്തങ്ങൾക്ക് വഴിവെച്ചതെന്ന് വാർത്താ ഏജൻസിയായ ഷിൻഹുവയും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് 26-നാണ് ഈ നടുക്കുന്ന ദുരന്തം സംഭവിച്ചത്. നേപ്പാളിലെ മലനിരകളിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 5,140 മീറ്റർ ഉയരത്തിലുള്ള പ്രദേശത്താണ് കനത്ത മണ്ണിടിച്ചിലും ഹിമപാതവുമുണ്ടായത്. ഏതാണ്ട് 6,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കൂറ്റൻ മലമ്പ്രദേശമാണ് ഒറ്റയടിക്ക് ഇടിഞ്ഞു വീണത്.
ഇങ്ങനെ വൻതോതിൽ ഇടിഞ്ഞിറങ്ങിയ മഞ്ഞും പാറകളും മണ്ണും താഴ്‌വരകളിലൂടെ കുത്തിയൊലിച്ച് അതിശക്തമായ ചെളിപ്രവാഹമായി മാറി. ഏകദേശം 20 കിലോമീറ്ററോളം ദൂരമാണ് ഈ പ്രവാഹം താണ്ടിയെത്തിയത്. വെറും ഏഴ് മിനിറ്റുകൾക്കുള്ളിൽ 3,300 മീറ്ററോളം താഴ്ചയിലേക്ക് ഈ അവശിഷ്ടങ്ങൾ കുതിച്ചെത്തുകയും ഗിറോങ് പോർട്ട് പ്രദേശത്ത് അഭൂതപൂർവ്വമായ നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്യുകയായിരുന്നു. പ്രകൃതിയുടെ ഈ കോപത്തിന്റെ ഭീകരത വിളിച്ചോതുന്നതാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങൾ.