കൊച്ചി: കർണാടകയിലെ ക്വാറി ഇടപാടുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ഇഡിയുടെ ചോദ്യം ചെയ്യലിലെ വിവരങ്ങൾ തേടിയ മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായും പരിഹസിച്ചും പി.വി അൻവർ എംഎൽഎ. ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമ പ്രവർത്തകരോട് 'ഇന്ത്യ-പാക് മത്സരം ചർച്ച ചെയ്യാൻ' വിളിപ്പിച്ചതെന്നായിരുന്നു എംഎൽഎയുടെ പരിഹാസം. മറുപടി പറയാൻ സൗകര്യമില്ലെന്നും എംഎൽഎ പ്രതികരിച്ചു.
കർണാടകയിലെ ക്രഷർ ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് പി.വി അൻവവറിനെ ചോദ്യം ചെയ്തത്. ഇഡിയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. ക്രഷർ ബിസിനസിൽ പാങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രാവാസി എഞ്ചിനീയറുടെ കയ്യിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് പരാതി. പരാതിയിൽ ഇഡി നേരത്തെ കേസെടുത്തിരുന്നു.
പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ. നേരത്തെ ഇതു സംബന്ധിച്ചുള്ള പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും പി.വി അൻവർ കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രാഥാമികാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.