കളമശേരിയിലെ സ്ഥാപനത്തില്‍ നിന്ന് 49 ഹോട്ടലുകളില്‍ പഴകിയ ഇറച്ചി വിതരണം നടത്തിയതായി രേഖകള്‍

കളമശേരിയിലെ സ്ഥാപനത്തില്‍ നിന്ന്  49 ഹോട്ടലുകളില്‍ പഴകിയ ഇറച്ചി വിതരണം നടത്തിയതായി രേഖകള്‍

കൊച്ചി: കളമശേരിയില്‍ 500 കിലോയോളം പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ പ്രതികള്‍ 49 ഹോട്ടലുകള്‍ക്ക് ഇറച്ചി വിതരണം നടത്തിയിരുന്നതായി രേഖകള്‍. ഇറച്ചി പിടികൂടിയ വാടക വീട്ടില്‍ നിന്ന് ലഭിച്ച രേഖകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.

അതിനിടെ സ്ഥാപന ഉടമയായ ജുനൈസ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനയുണ്ട്. കേസിലെ ഒന്നാം പ്രതിയായ ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്.

പോലീസും കളമശേരി നഗരസഭാ ആരോഗ്യ വിഭാഗവും ചേര്‍ന്നാണ് പഴകിയ ഇറച്ചി പിടികൂടിയ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് ഇറച്ചി വിതരണവും പണം കൈമാറ്റവും സംബന്ധിച്ച ബില്ലുകളും രസീതുകളും ഡയറിയും കണ്ടെടുത്തിട്ടുണ്ട്. ഇതനുസരിച്ച് ഇവിടെ നിന്ന് ഇറച്ചി വാങ്ങിയ 49 ഹോട്ടലുകളുടെ പട്ടിക നഗരസഭ തയ്യാറാക്കിയിട്ടുണ്ട്.

കളമശേരിയും പാലാരിവട്ടവും ഉള്‍പ്പെടെ ജില്ലയുടെ വിവിധ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ഇറച്ചി വിറ്റിട്ടുണ്ട്. ഇതില്‍ സുനാമി ഇറച്ചി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. രേഖകള്‍ ഇപ്പോള്‍ പോലീസിന്റെ കയ്യിലാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കളമശേരി കൈപ്പടമുകളിലെ വാടക വീട്ടില്‍ നിന്ന് പഴകിയതും ചീഞ്ഞതുമായ ഇറച്ചി പിടികൂടിയത്. മൂന്ന് ഫ്രീസറുകളിലായി പാക്കറ്റിലാക്കിയും അല്ലാതെയും സൂക്ഷിച്ചിരുന്ന കോഴിയിറച്ചിയാണ് പിടികൂടിയത്.

മലിന ജനം പുറത്തേക്ക് ഒഴുകുന്നെന്നും രൂക്ഷമായ ദുര്‍ഗന്ധമുണ്ടെന്നുമുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നഗരസഭാ ആരോഗ്യ വിഭാഗം ഇവിടെ പരിശോധനയ്ക്ക് എത്തിയത്.

പരിശോധനാ സമയത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെയും ഹോട്ടലുകാര്‍ ഇവിടെ നിന്ന് ഇറച്ചി കൊണ്ടുപോയിരുന്നതായി ജീവനക്കാര്‍ പറഞ്ഞിരുന്നു. നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത ഇറച്ചി പിന്നീട് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിനും പോലീസിനും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.