തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. 18 കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥിനികള്‍ക്ക് അറ്റന്‍ഡന്‍സിനുള്ള പരിധി ആര്‍ത്തവാവധി ഉള്‍പ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. സര്‍വകലാശാല നിയമങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതികള്‍ വരുത്താന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി ആര്‍.ബിന്ദു അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടെങ്കില്‍ പരീക്ഷയെഴുതാം.
കേരളത്തിലാദ്യമായി കുസാറ്റ് സര്‍വകലാശാലയിലാണ് ആര്‍ത്തവാവധി പ്രഖ്യാപിച്ചത്. ഈ മാതൃകയില്‍ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. കുസാറ്റിന് പിന്നാലെ സാങ്കേതിക സര്‍വകലാശാലയിലും (കെ.ടി.യു) ആര്‍ത്തവാവധി അനുവദിക്കാന്‍ ബോര്‍ഡ് ഒഫ് ഗവേര്‍ണന്‍സ് യോഗം തീരുമാനിച്ചിരുന്നു.