കൊച്ചി: മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നും കാണാതായ വോട്ട് പെട്ടിയിലെ ബാലറ്റ് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. സബ് കളക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പെട്ടി തുറന്നിട്ട നിലയിലായിരുന്നു. അഞ്ചാം നമ്പര്‍ ടേബിളിലെ ബാലറ്റാണ് കാണാതായത്. ബാലറ്റുകളുടെ എണ്ണം അടയാളപ്പെടുത്തിയ രേഖ നഷ്ടപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് ഇരുമ്പ് പെട്ടികളിലായാണ് ബാലറ്റ് സൂക്ഷിച്ചിരുന്നത്. ഇതില്‍ നിന്നാണ് അഞ്ചാം നമ്പര്‍ ടേബിളിലെ ബാലറ്റുകള്‍ നഷ്ടപ്പെട്ടത്. മറ്റ് രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ല.
കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണ സബ് ട്രഷറി ഓഫീസിലെ ലോക്കറില്‍നിന്നു സ്പെഷല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടി കാണാതായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം സഹകരണ സംഘം ജനറല്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്.