ഹര്‍ത്താല്‍ നാശനഷ്ടം; പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ ജപ്തി നടപടികള്‍ ഇന്നും തുടരുന്നു

ഹര്‍ത്താല്‍ നാശനഷ്ടം; പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ ജപ്തി നടപടികള്‍ ഇന്നും തുടരുന്നു

തിരുവനന്തപുരം: ഹര്‍ത്താല്‍ നാശനഷ്ടം ഈടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുന്ന നടപടികള്‍ ഇന്നും തുടരും. ഹൈക്കോടതിയുടെ അന്ത്യ ശാസനത്തെ തുടര്‍ന്നാണ് ഇന്നലെ മുതല്‍ നടപടി തുടങ്ങിയത്.

14 ജില്ലകളിലായി 60 ഓളം സ്വത്തുക്കളാണ് ഇന്നലെ കണ്ടുകെട്ടിയത്. സ്വത്ത് കണ്ടുകെട്ടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ഇന്ന് വൈകിട്ട് അഞ്ച് വരെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയിരിക്കുന്ന സമയപരിധി. സ്വത്തുകണ്ടുകെട്ടിയതിന്റെ വിവരങ്ങള്‍ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇത് റിപ്പോര്‍ട്ടായി ഹൈക്കോടതിയില്‍ നല്‍കും.

സെപ്റ്റംബറില്‍ പോപ്പുലര്‍ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടപരിഹാരം ഈടാക്കാന്‍ 14 ജില്ലകളിലായി 60 ഓളം നേതാക്കളുടെ വീടും സ്ഥലങ്ങളുമാണ് ജപ്തി ചെയ്തത്.

കൊല്ലം കരുനാഗപ്പള്ളിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്റെ വീടും വസ്തുവകകളും പട്ടാമ്പി ഓങ്ങല്ലൂരില്‍ സംസ്ഥാന സെക്രട്ടറി സി.എ. റഈഫിന്റെ പത്ത് സെന്റ് സ്ഥലവും ജപ്തി ചെയ്തു. ആലുവയില്‍ 68 സെന്റില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പെരിയാര്‍ വാലി ട്രസ്റ്റ് ക്യാംപസിനും പിടി വീണു.

പാലക്കാട് 16 ഉം വയനാട്ടില്‍ 14 ഉം ഇടത്ത് ജപ്തി നടന്നു. ഇടുക്കിയില്‍ ആറും പത്തനംതിട്ടയില്‍ മൂന്നും ആലപ്പുഴയില്‍ രണ്ടും നേതാക്കളുടെ സ്വത്ത് വകകള്‍ ജപ്തിയായി. കോഴിക്കോട് 16 പേര്‍ക്ക് നോട്ടീസ് നല്‍കി. എവിടെയും എതിര്‍പ്പുകളോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.