തിരുവനന്തപുരം: കൊലപാതക കേസുകള്‍ ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ വീട്ടില്‍ പൊലിസ് റെയ്ഡ്. കവടിയാറുള്ള ഫ്‌ളാറ്റിന്റെ വാതില്‍ തകര്‍ത്താണ് പൊലീസ് പരിശോധന നടത്തിയത്. പാറ്റൂര്‍ ഗുണ്ടാ ആക്രമണക്കേസിലെ പ്രതിയാണ് ഓം പ്രകാശ്. കേസില്‍ ഓം പ്രകാശിന്റെ പങ്ക് വ്യക്തമായെങ്കിലും വീട്ടില്‍ പരിശോധന നടത്താന്‍ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല.
നേരക്കെ കസ്റ്റഡിയില്‍ വാങ്ങിയിരുന്ന കേസിലെ പ്രതികളായ ഓം പ്രകാശിന്റെ ഡ്രൈവര്‍ ഇബ്രാഹിം റാവുത്തര്‍, സല്‍മാന്‍ എന്നീവരുമായാണ് വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. മൂന്ന് എടിഎം കാര്‍ഡുകള്‍ പൊലീസിന് ഫ്‌ലാറ്റില്‍ നിന്നും ലഭിച്ചു. പാറ്റൂര്‍ അക്രണത്തിന് ശേഷം കവടിയാറുള്ള ഫ്‌ളാറ്റിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനം ഉപേക്ഷിച്ച ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
അതിനിടെ പാറ്റൂര്‍ ആക്രമക്കേസിലെ മുഖ്യപ്രതി ഓംപ്രകാശിന്റെ സഹായികളായ ഗുണ്ടകള്‍ കോടതിയില്‍ കീഴടങ്ങി. ആസിഫ്, ആരിഫ്, ജോമോന്‍, രജ്ഞിത്ത് എന്നീ ഗുണ്ടകളാണ് കീഴടങ്ങിയത്. അന്വേഷണം ശക്തമാണെന്ന് ആവര്‍ത്തിക്കുന്ന പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് നാലു ഗുണ്ടകള്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ കീഴടങ്ങിയത്.
ഓം പ്രകാശ് അടക്കമുള്ള പാറ്റൂര്‍ കേസിലെ പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം സംസ്ഥാനത്തും പുറത്തും ശക്തമാക്കിയെന്നുമാണ് പൊലീസ് എല്ലാ ദിവസവും ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഗുണ്ടകള്‍ ഊട്ടിയില്‍ ഒളിച്ചുകഴിയുകയാണെന്നും പൊലീസ് പറഞ്ഞിരുന്നു. ഇതിനിടെയാണ് നാലു പ്രതികള്‍ രാവിലെ വഞ്ചിയൂര്‍ കോടതിയിലെത്തി കീഴടങ്ങിയത്.