കൊച്ചിയില്‍ വന്‍ ലഹരി വേട്ട; പിടിയിലായത് ഗര്‍ഭിണിയടക്കം മൂന്ന് പേര്‍

കൊച്ചിയില്‍ വന്‍ ലഹരി വേട്ട; പിടിയിലായത് ഗര്‍ഭിണിയടക്കം മൂന്ന് പേര്‍

കൊച്ചി: നഗരത്തില്‍ വന്‍ മയക്ക് മരുന്ന് വേട്ട. എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയുമായി ഗര്‍ഭിണിയായ യുവതി അടക്കം മൂന്ന് പേര്‍ പിടിയിലായി.

ആലുവ സ്വദേശികളായ സനൂപ്, നൗഫല്‍, അപര്‍ണ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ഇടപാട്.

ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ തേടാന്‍ വേണ്ടിയാണ് മുറിയെടുക്കുന്നതായിരുന്നു ഹോട്ടല്‍ ഉടമയെ അറിയിച്ചത്. ഡിസിപിയുടെ നിര്‍ദേശമനുസരിച്ച് കൊച്ചി സിറ്റിയിലെ ഹോട്ടലുകളിലും ഓയോ റൂമുകളിലും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

രണ്ടാഴ്ചയായി ഇടപ്പള്ളി ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് ഇവര്‍ മുറിയെടുത്തത്. ഇന്നലെ പരിശോധനയില്‍ സംശയം തോന്നിയ ചേരാനെല്ലൂര്‍ എസ്ഐ ഇന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് മൂന്ന് പേരും പിടിയിലായത്.

പിടിയിലായ അപര്‍ണ ആറ് മാസം ഗര്‍ഭിണിയാണ്. നൗഫല്‍ യൂബര്‍ ടാക്സി ഡ്രൈവറാണ്. ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു.

ആശുപത്രിയ്ക്ക് സമീപത്തെ ഹോട്ടലില്‍ പരിശോധനയുണ്ടാകില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇവിടെ മുറിയെടുത്തുതെന്നും അപര്‍ണയ്ക്കും സനൂപിനും എതിരെ നേരത്തെയും കേസുകള്‍ ഉള്ളതായും പൊലീസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.