കോവളം ബൈക്ക് റേസിങ് അപകടം; വീട്ടമ്മയ്ക്ക് പിന്നാലെ ബൈക്ക് യാത്രക്കാരനായ യുവാവും മരിച്ചു

കോവളം ബൈക്ക് റേസിങ് അപകടം; വീട്ടമ്മയ്ക്ക് പിന്നാലെ ബൈക്ക് യാത്രക്കാരനായ യുവാവും മരിച്ചു

തിരുവനന്തപുരം: കോവളം വാഴമുട്ടത്തെ ബൈക്ക് റേസിങ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനും മരിച്ചു. തിരുവനന്തപുരം പൊട്ടക്കുഴി സ്വദേശി അരവിന്ദ് ആണ് (25) മരിച്ചത്. ബൈക്കിടിച്ചതിനെ തുടര്‍ന്ന് വഴിയാത്രക്കാരിയായ വാഴമുട്ടം സ്വദേശി സന്ധ്യ (55) അപകടം നടന്ന ഉടനെ തന്നെ മരിച്ചിരുന്നു.

ഇന്നു രാവിലെ ഏഴ് മണിയോടെയാണ് സംഭവം. തിരുവല്ലം-കോവളം ബൈപ്പാസ് റോഡില്‍ വച്ച് വഴിയാത്രക്കാരി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. ബൈക്ക് റേസിങിനിടെ സന്ധ്യയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

മൂന്ന് ബൈക്കുകളിലായാണ് റേസിങ് നടത്തിയത്. ഇതില്‍ ഒരെണ്ണമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ അരവിന്ദിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അരവിന്ദിനും മരണം സംഭവിച്ചത്.

അപകടം നടന്ന റോഡില്‍ ആഡംബര ബൈക്കുകളുമായി റേസിങ് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. ഞായറാഴ്ചകളില്‍ ഇവിടെയെത്തി യുവാക്കള്‍ ബൈക്ക് റേസിങ് നടത്താറുണ്ടെന്നും ഇത്തരത്തില്‍ അമിതവേഗത്തില്‍ സഞ്ചരിച്ച ബൈക്കാണ് അപകടമുണ്ടാക്കിയതെന്നും നാട്ടുകാര്‍ പറയുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.