കല്‍പ്പറ്റ: പൊന്‍മുടി കോട്ട ഭാഗത്തെ ജനവാസ മേഖലയില്‍ ഭീതി പരത്തിയതെന്ന് കരുതുന്ന കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. നെന്‍മേനി പാടി പറമ്പില്‍ സ്വകാര്യ ത്തോട്ടത്തില്‍ കുരുക്കില്‍ പെട്ട് ചത്ത നിലയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവാ ഭീതിയിലായിരുന്നു പ്രദേശം.
നിരവധി വളര്‍ത്തുമൃഗങ്ങള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിരുന്നില്ല. അതിനിടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
പൊന്‍മുടി കോട്ടയില്‍ കൂടുതല്‍ വനപാലകരെയും ആര്‍.ആര്‍.ടി. സംഘത്തെയും ഉടന്‍ എത്തിക്കുമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊന്മുടി കോട്ട, അമ്പുകുത്തി പ്രദേശങ്ങളിലാണ് കഴിഞ്ഞ കുറേ നാളുകളായി കടുവാ സാന്നിധ്യമുള്ളത്.
രണ്ടു കടുവകള്‍ പ്രദേശത്തുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതാണ്. ഈ സാഹചര്യത്തില്‍ കടുവകളെ പിടിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു.