ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഗര്‍ഭിണിയും ഭർത്താവും മരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഗര്‍ഭിണിയും ഭർത്താവും മരിച്ചു

കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 10.30 നാണ് അപകടം നടന്നത്. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.

ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ മുന്‍ഭാഗത്തുനിന്നു തീ പടരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗര്‍ഭിണിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.

ഫയര്‍ സ്റ്റേഷനില്‍നിന്നു നൂറ് മീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്. ഇവിടെനിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയാണ് തീയണച്ചത്.

പിന്‍സീറ്റില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. മുന്‍സീറ്റിലെ ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസമായെന്ന് നാട്ടുകാര്‍ പറഞ്ഞു. വാഹനമോടിച്ച ഭര്‍ത്താവിനൊപ്പം മുന്‍വശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്.

മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം അറിയിച്ചത്. ഡോര്‍ ജാമായതിനാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനായില്ല. കാറിന് തീപിടിച്ച് അല്‍പ്പസമയത്തിനുളളില്‍ വാഹനം ഓടിച്ചിരുന്ന ഭർത്താവ് പിന്നിലേക്ക് കൈയിട്ട് പുറകിലെ ഡോര്‍ തുറന്നു.

ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേര്‍ രക്ഷപ്പെട്ടത്. എന്നാല്‍ മുന്‍ വശത്തെ ഡോര്‍ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതല്‍ പടര്‍ന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.