സംസ്ഥാന ബജറ്റിനെതിരെ നാളെ കരിദിനം; കടുത്ത പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്

സംസ്ഥാന ബജറ്റിനെതിരെ നാളെ കരിദിനം; കടുത്ത പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. ബജറ്റിലെ കടുത്ത നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ കെപിസിസി തീരുമാനിച്ചു. വൈകിട്ട് ചേര്‍ന്ന കെപിസിസിയുടെ അടിയന്തര ഓണ്‍ലൈന്‍ യോഗത്തിലാണ് പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്. 

ജില്ലാ തലങ്ങളിലും മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പന്തം കൊളുത്തി പ്രകടനവും നടത്തും. ബജറ്റിനെതിരെ പൊതുജന മധ്യത്തില്‍ ശക്തമായ പ്രചാരണം അഴിച്ചു വിടാനാണ് കെപിസിസി യോഗത്തിലുണ്ടായ തീരുമാനം. ഹൈക്കോടതി നിര്‍ദേശ പ്രകാരം മുന്‍ കൂട്ടി നോട്ടീസ് നല്‍കി കൊണ്ട് ഹര്‍ത്താല്‍ ആചരിക്കുന്ന കാര്യവും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. കൂടുതല്‍ സമരപരിപാടികള്‍ നാളെ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപിക്കും. 

ജനങ്ങളുടെ ജീവിതച്ചെലവ് കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരെ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സര്‍ക്കാര്‍ തള്ളിവിടുകയാണ്. ധൂര്‍ത്തിനും പാഴ്ചിലവുകള്‍ക്കും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ചിലവ് ചുരുക്കി മാതൃക കാട്ടാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.