സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി; സ്‌റ്റേ ഹൈക്കോടതി നീക്കി

 സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി;  സ്‌റ്റേ ഹൈക്കോടതി നീക്കി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി. 2017 ലുണ്ടായ സംഭവത്തില്‍ ഹൈക്കോടതിയില്‍ തെറ്റായ സത്യവാങ്മൂലം നല്‍കി വിചാരണ നടപടി സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി നീക്കി.

വിവാദ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരാണ് ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്. ഇരയുടെ പേരില്‍ കള്ള സത്യവാങ്മൂലം നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചത് ഗുരുതര തെറ്റെന്ന് ജസ്റ്റിസ് കെ. ബാബു നിരീക്ഷിച്ചു.

കേസിന്റെ പ്രധാന ഘട്ടത്തിലാണ് സൈബി ജോസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസില്‍ ഒത്തുതീര്‍പ്പിന് ഇര തയ്യാറായിട്ടുണ്ടെന്നും അത് പൂര്‍ത്തിയാകുന്നതു വരെ കേസിന്റെ നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്യണമെന്നുമാണ് സൈബി ജോസ് കോടതിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഇത് വ്യാജമാണെന്ന് അറിയിച്ച് ഇര കോടതിയെ സമീപിക്കുകയായിരുന്നു. ഉണ്ണി മുകുന്ദനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.