ജയരാജന്‍മാരുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതി; സിപിഎം സംസ്ഥാന സമിതിയില്‍ നേര്‍ക്കുനേര്‍ വാക്കേറ്റം

ജയരാജന്‍മാരുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതി; സിപിഎം സംസ്ഥാന സമിതിയില്‍ നേര്‍ക്കുനേര്‍ വാക്കേറ്റം

തിരുവനന്തപുരം: ഇ.പി ജയരാജനെതിരെയും പി. ജയരാജനെതിരെയും ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സിപിഎം സമിതി രൂപീകരിക്കും. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. അതേസമയം സംസ്ഥാന സമിതിയില്‍ ഇരു നേതാക്കളും ഏറ്റുമുട്ടി. പി. ജയരാജന്‍ തനിക്കെതിരെ ഗൂഢാലോചനയും വ്യക്തിഹത്യയും നടത്തിയെന്ന് ഇ.പി ജയരാജന്‍ ആരോപിച്ചു.

ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇ.പി ജയരാജന്‍ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പി. ജയരാജന്റെ ആരോപണം. പരാതി ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജന്‍ വ്യക്തമാക്കി.

എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി ജയരാജന്‍ ഇത് നിഷേധിച്ചു. വ്യക്തിഹത്യക്ക് ശ്രമം നടന്നെന്ന് ഇ.പി ജയരാജനും ആരോപണം ഉയര്‍ത്തി.

കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ.പി വിശദീകരിച്ചിരുന്നു. പിന്നീട് പി ജയരാജന്‍ വിഷയത്തില്‍ നിന്ന് പിന്നോട്ട് പോയി. രേഖാമൂലം പരാതി തന്നാല്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടും പി. ജയരാജന്‍ പരാതി കൊടുത്തിരുന്നില്ല. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.