തിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണറെ മറികടന്ന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍. നിലവിലുള്ള സര്‍വകലാശാല നിയമങ്ങള്‍ അനുസരിച്ച് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാന്‍സിലറായ ഗവര്‍ണര്‍ക്കാണ്.
എന്നാല്‍ ഈ ചട്ടങ്ങള്‍ മറികടന്നാണ് അസാധാരണമായ നടപടിയിലേക്ക് കേരള സര്‍ക്കാര്‍ നീങ്ങുന്നത്. നേരത്തെ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന് സര്‍ക്കാരിന്റെ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഗവര്‍ണര്‍ നല്‍കിയ കത്ത് സര്‍ക്കാര്‍ തള്ളി.
ഇതിന് ശേഷമാണ് യുജിസി ചെയര്‍മാന്റെ പ്രതിനിധി, ചാന്‍സലറുടെ പ്രതിനിധി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്റെ പ്രതിനിധി, സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്റെ പ്രതിനിധി, സര്‍ക്കാര്‍ പ്രതിനിധി എന്നിങ്ങനെ അഞ്ച് പേരെ ഉള്‍പ്പെടുത്തി സെര്‍ച്ച്-കം-സെലക്ഷന്‍ കമ്മിറ്റി രൂപീകരിയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ഗവര്‍ണറുടെ അംഗീകാരം ലഭിക്കാത്ത ബില്‍ പ്രകാരമാണ് സെര്‍ച്ച്-കം-സെലക്ഷന്‍ കമ്മിറ്റി നിര്‍മ്മിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ഉന്നത വിദ്യാഭാസ മന്ത്രിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വാകലാശാലയിലെ വൈസ് ചാന്‍സലറായ ഡോ. വി. അനില്‍ കുമാറിന്റെ കാലാവധി ഈ മാസം 28ന് അവസാനിക്കും.