ചരിത്ര കരാറുമായി എയര്‍ ഇന്ത്യ; എയര്‍ബസില്‍ നിന്ന് ഒറ്റതവണയായി 250 വിമാനങ്ങള്‍ വാങ്ങും

ചരിത്ര കരാറുമായി എയര്‍ ഇന്ത്യ; എയര്‍ബസില്‍ നിന്ന് ഒറ്റതവണയായി 250 വിമാനങ്ങള്‍ വാങ്ങും

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാന വാങ്ങല്‍ കരാർ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. വിമാന നിര്‍മാതാക്കളായ എയര്‍ബസില്‍ നിന്ന് 250 വിമാനങ്ങള്‍ വാങ്ങുമെന്ന് എയര്‍ ഇന്ത്യ ഉടമകളായ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരൻ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമടക്കം പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു പ്രഖ്യാപനം.

എയര്‍ ബസുമായി ഫെബ്രുവരി പത്തിന് കരാർ ഒപ്പിട്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ റൂട്ടുകളിലടക്കം സര്‍വീസുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

എ-320, എ-350 വിഭാഗങ്ങളിലുള്ള വിമാനങ്ങള്‍ വാങ്ങാനാണ് കരാറെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെ വിപുലീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. അന്താരാഷ്ട്രാ നിലവാരത്തിലേക്ക് കമ്പനിയെ ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിഹാന്‍ എഐ എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മാര്‍ക്കറ്റ് ഷെയര്‍ മുപ്പത് ശതമാനം വര്‍ധിപ്പിക്കാനടക്കമുള്ള നടപടികളാണ് പദ്ധതിയുടെ ഭാഗമായി കമ്പനി കൈക്കൊള്ളുന്നത്. രാജ്യാന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതും കമ്പനിയുടെ ലക്ഷ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.