തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ശിവശങ്കറിന്റെ അറസ്റ്റുകൊണ്ട് മാത്രം കേസ് അവസാനിക്കില്ല. കേരളം മുഴുവന്‍ വിറ്റ് തുലയ്ക്കാന്‍ ഇറങ്ങി തിരിച്ച വ്യക്തയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനും ഇതിന് പിന്നിലുണ്ടെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.
കേസിന്റെ അടിത്തട്ടില്‍ കിടക്കുന്ന എല്ലാ വലിയ സ്രാവുകളെയും പുറത്തു കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു. തനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നാലും കേസിന്റെ പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് സ്വപ്ന സുരേഷ് തുറന്നടിച്ചു.
തനിക്ക് ജയിലില്‍ പോകേണ്ടി വന്നാല്‍ തന്റെയൊപ്പം ശിവശങ്കറും മുഖ്യമന്ത്രിയുമടക്കം എല്ലാവരും കാണും. വാട്ട്സ്ആപ് സന്ദേശമടക്കം എല്ലാ തെളിവുകളും അന്വേഷണ ഏജന്‍സിയുടെ കൈവശം നല്‍കിയിട്ടുണ്ട്. അതിനു ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ മാത്രം അന്വേഷണം ഒതുങ്ങുന്നില്ല. സി.എം രവീന്ദ്രനെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യണം. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ പ്രവര്‍ത്തിക്കുന്ന സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ പലതവണ വിളിപ്പിച്ചെങ്കിലും അതില്‍ നിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറിയെന്നും സ്വപ്‌ന പറഞ്ഞു.
രവീന്ദ്രനെ ചോദ്യം ചെയ്താല്‍ ഒരുപാട് കാര്യങ്ങള്‍ പുറത്തു വരും. മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്കും മകള്‍ വീണയ്ക്കും മകനും കേസില്‍ പങ്കുണ്ട്. യുഎഇ കേന്ദ്രീകരിച്ച് ഇടപാട് നടത്തുന്നത് മകള്‍ വീണയാണെന്നും സ്വപ്‌ന പറയുന്നു. ഇവരുടെയല്ലാം പങ്ക് പുറത്തു വരണമെങ്കില്‍ രവീന്ദ്രനെ ചോദ്യം ചെയ്യണം.
മുഖ്യമന്ത്രിക്ക് വേണ്ടി ശിവശങ്കര്‍ ബാഗ് കൊണ്ടുപോയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കര്‍ ഒളിച്ചു കളിക്കാതെ വായ തുറന്ന് എല്ലാം പറയണം. ബിരിയാണി ചെമ്പുകളും കടത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഉത്തരം എല്ലാവരും പറയണം. സത്യം പുറത്തു കൊണ്ടുവരാന്‍ പോരാടും. ഇഡിയുടെ അന്വേഷണം ശരിയായ പാതയിലാണ്. ഒരു ചെറിയ പ്രതീക്ഷ വരുന്നുണ്ട്. എല്ലാവരുടെയും പങ്ക് പുറത്തു വരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.