പാതയോരങ്ങളിലെ ഫ്‌ളക്‌സ്; സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഹൈക്കോടതി നിയന്ത്രണം

പാതയോരങ്ങളിലെ ഫ്‌ളക്‌സ്; സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഹൈക്കോടതി നിയന്ത്രണം

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ പാതയോരങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി. ഉത്തരവ് പാലിച്ചില്ലെങ്കില്‍ ചുമതലയുള്ളവര്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെതാണ് ഉത്തരവ്. ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിശോധന നടത്തുന്നുണ്ട്. വ്യവസായ വകുപ്പ് സ്ഥാപിച്ച ബോര്‍ഡുകള്‍ 10 ദിവസത്തിനകം നീക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഫ്ള്കസുകള്‍ നീക്കം ചെയ്യുന്നതിന് അനുസരിച്ച് പുതിയ ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെടുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഇതിന് കാരണക്കാര്‍ സര്‍ക്കാര്‍ തന്നെയാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.

സര്‍ക്കാരുമായി ബന്ധപ്പെടുന്ന ഫ്ളക്സുകള്‍ പല സ്ഥലങ്ങളിലും ഉയരുന്ന സാഹചര്യമുണ്ട്. സര്‍ക്കാര്‍ സ്ഥാപിക്കുന്ന ഫ്ളക്സുകള്‍ നീക്കം ചെയ്ത് പൊതുജനങ്ങള്‍ക്ക് മാതൃകയാകണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.