സര്‍ക്കാര്‍ ആശുപത്രി പരിസരത്തെ സ്വകാര്യ പ്രാക്ടീസ്: കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

സര്‍ക്കാര്‍ ആശുപത്രി പരിസരത്തെ സ്വകാര്യ പ്രാക്ടീസ്: കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

കോട്ടയം: സര്‍ക്കാര്‍ ആശുപത്രിയുടെ പരിസരത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ചട്ടപ്രകാരം കുറ്റമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. കാഞ്ഞിരപ്പള്ളി കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന് ശിലാസ്ഥാപനം നടത്തവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി പരിസരത്ത് ഡോക്ടര്‍മാര്‍ ബോര്‍ഡ് സ്ഥാപിച്ച് സ്വകാര്യപ്രാക്ടീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഡി.എച്ച്.എസിലെ ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ സ്വകാര്യപ്രാക്ടീസ് നടത്താം. എന്നാല്‍, അവര്‍ ആശുപത്രി പരിസരത്തോ മറ്റിടത്തോ സ്വകാര്യ പ്രാക്ടീസ് നടത്തരുത്. അങ്ങനെ ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറണം. അല്ലെങ്കില്‍ ശക്തമായ നടപടി എടുക്കും.

ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയും കൂട്ടിരിപ്പുകാരും സര്‍ക്കാര്‍ ഡോക്ടറെ വീട്ടില്‍ച്ചെന്നു കാണരുത്. ഡോക്ടര്‍മാരെ വീട്ടിച്ചെന്നുകണ്ടാലേ സര്‍ജറിയും മറ്റും നടത്തൂവെന്ന സ്ഥിതിയും ചിലയിടങ്ങളിലുണ്ട്. സര്‍ക്കാര്‍ ഇതെല്ലാം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.