തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന് കൂടുതല്‍ പണം അനുവദിച്ച് സര്‍ക്കാര്‍. കൂടുതല്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. 18 ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്.
26 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചിന്ത ജോറോം ധനവകുപ്പിന് കത്ത് നല്‍കിയത്. പണമില്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ കഴിയുന്നില്ലെന്ന് കത്തില്‍ ചിന്ത ജെറോം പറയുന്നു. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 76.6 ലക്ഷം രൂപയ്ക്ക് പുറമെയാണ് വീണ്ടും തുക അനുവദിച്ചത്.
ഇതുകൂടാതെ ഡിസംബറില്‍ ഒന്‍പത് ലക്ഷവും അനുവദിച്ചിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനത്തില്‍ ഇതുവരെ 1.03 കോടി രൂപയിലധികം യുവജന കമ്മീഷന് മാത്രമായി സര്‍ക്കാര്‍ നല്‍കി.
അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. പത്ത് ലക്ഷം രൂപയിലധികം തുകയുള്ള ബില്ലുകള്‍ ട്രെഷറി വഴി മാറുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്ന സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് സംസ്ഥാന യുവജനകമ്മീഷന് 18 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.