തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കേന്ദ്രീകരിക്കാനുള്ള നീക്കത്തില്‍ കേന്ദ്ര ഏജന്‍സികള്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവരുടെ രഹസ്യമൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസും ഇ.ഡിയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും മറ്റൊരു ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിന് പുറമെ മറ്റ് ചില ഉന്നതരുടെ പേരുകള്‍കൂടി അന്വേഷണസംഘങ്ങളുടെ പക്കലുണ്ട്. കെ.എസ്.എഫ്.ഇ ഉള്‍പ്പെടെ ധനവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയും ചില സഹകരണ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയും കള്ളപ്പണം വെളിപ്പിക്കുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.
കെ.എസ്.എഫ്.ഇ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.