കൊച്ചി: യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. 31 വയസായിരുന്നു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അഹാന കൃഷ്ണകുമാര്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, ലെന, ലാല്‍ തുടങ്ങിയവര്‍ അഭിനയിച്ച 'നാന്‍സി റാണി' എന്ന ചിത്രത്തിന്റെ സംവിധായകനാണ്. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിതമായി മരണം സംഭവിക്കുന്നത്.
സാബുജെയിംസ് സംവിധാനം ചെയ്ത 'ഐ ആം ക്യൂരിയസ്' എന്ന ചിത്രത്തിലൂടെ 2004-ല്‍ ബാലതാരമായാണ് മനു ജെയിംസ് സിനിമയിലെത്തുന്നത്. പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.
കുറവിലങ്ങാട് ചിറത്തിടത്തില്‍ ജെയിംസ് ജോസിന്റെയും ഏറ്റുമാനൂര്‍ പ്ലാത്തോട്ടത്തില്‍ സിസിലി ജെയിംസിന്റെയും മകനാണ്. കണ്ടനാട് പിട്ടാപ്പിള്ളില്‍ നൈന മനു ജെയിംസ് ആണ് ഭാര്യ. സഹോദരങ്ങള്‍ മിന്ന ജെയിംസ്, ഫിലിപ്പ് ജെയിംസ്. സംസ്‌കാരം ഞായറാഴ്ച കുറവിലങ്ങാട് നടക്കും.