സാങ്കേതിക സര്‍വകലാശാല വിസിയെ നിയന്ത്രിക്കാനുള്ള സിന്റിക്കേറ്റ് തീരുമാനം ഗവര്‍ണര്‍ റദ്ദാക്കി

സാങ്കേതിക സര്‍വകലാശാല വിസിയെ നിയന്ത്രിക്കാനുള്ള സിന്റിക്കേറ്റ് തീരുമാനം ഗവര്‍ണര്‍ റദ്ദാക്കി

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വിസിയെ നിയന്ത്രിക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കി ഗവര്‍ണര്‍. സാങ്കേതിക സര്‍വകലാശാലയുടെ സിന്റിക്കേറ്റ്, ഗവേണിങ് ബോര്‍ഡ് തുടങ്ങിയ സമിതികള്‍ കൈക്കൊണ്ട ചട്ടവിരുദ്ധ തീരുമാനങ്ങള്‍ തടഞ്ഞു കൊണ്ടാണ് പ്രത്യേക അധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടത്.

അതേസമയം ഗവര്‍ണറുടെ നടപടി വിശദീകരണം തേടാതെയാണെന്ന് സിണ്ടിക്കേറ്റ് അറിയിച്ചു. കെടിയുവില്‍ ഗവര്‍ണറും വിസിയും ഒരുവശത്തും സര്‍ക്കാറും സിണ്ടിക്കേറ്റും മറുവശത്തുമായുള്ള പോര് ശക്തമായി.

കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാന്‍ ജനുവരി ഒന്നിനും ഫെബ്രുവരി 17 നും സിന്റിക്കേറ്റും ഗവേണിങ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തത്.

വിസിയെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയെ വിസിയുടെ നടപടി പരിശോധിക്കാന്‍ മറ്റൊരു സമിതി, ഗവര്‍ണര്‍ക്ക് വിസി അയക്കുന്ന കത്തുകള്‍ സിന്റിക്കേറ്റിന് റിപ്പോര്‍ട്ട് ചെയ്യണം എന്നീ തീരുമാനങ്ങളാണ് തടഞ്ഞത്. വിസിയുടെ എതിര്‍പ്പോടെ കൈക്കൊണ്ട തീരുമാനങ്ങള്‍ ചട്ടവിരുദ്ധമാണെന്നാണ് രാജ്ഭവന്‍ നിലപാട്.

അതേസമയം, വിശദീകരണം ചോദിക്കാതെയുള്ള ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് സിന്റിക്കേറ്റ്് നിലപാട്. സര്‍ക്കാര്‍ നോമിനികളെ തള്ളി സിസ തോമസിനെ ഗവര്‍ണര്‍ വിസിയാക്കിയത് മുതല്‍ തുടങ്ങിയ തര്‍ക്കങ്ങളാണ് അതിശക്തമായി തുടരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.