ഷുഹൈബ് വധം: കൊന്നവരെയല്ല കൊല്ലിച്ചവരെ കണ്ടെത്തണം; വി.ഡി സതീശന്‍

ഷുഹൈബ് വധം: കൊന്നവരെയല്ല കൊല്ലിച്ചവരെ കണ്ടെത്തണം; വി.ഡി സതീശന്‍

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഷുഹൈബ് വധക്കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അറിഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി സഭയില്‍ വന്ന പറയുന്നത്. ഇങ്ങനെയാണോ മുഖ്യമന്ത്രി സഭയില്‍ മറുപടി പറയേണ്ടത്. പി.ജെ ആര്‍മിയിലെ മുന്നണി പോരാളിയായിരുന്നു ആകാശ് തില്ലങ്കേരി. വര്‍ഷങ്ങളായി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന കൊട്ടേഷന്‍ സംഘത്തിലെ അംഗമാണ് ഇയാള്‍.

സിപിഎം ആകാശിനെ ഒക്കത്ത് വെച്ച് നടക്കുകയായിരുന്നു. പുസ്തകം വായിക്കുന്ന പിള്ളേര്‍ക്കെതിരെ യുഎപിഎ കേസെടുക്കുന്ന സര്‍ക്കാര്‍ ആണിത്. ഗൂഢാലോചനക്കാരെ സംരക്ഷിക്കാനാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത്. നിലവിലെ അന്വേഷണം അപൂര്‍ണമാണ്.

സിബിഐ അന്വേഷണത്തെ തടസപ്പെടുത്തി സുപ്രീംകോടതിയില്‍ പോകില്ല എന്ന് സര്‍ക്കാര്‍ പറയുമോ? കാലം വന്ന് നിങ്ങളോട് കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എ ടി. സിദ്ദിഖ് ആണ് ഷുഹൈബ് വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. തില്ലങ്കേരിയില്‍ ഇപ്പോള്‍ നടക്കുന്നത് മറ്റൊരു പോരാട്ടമാണെന്നും അത് കൊന്നവരും കൊല്ലിച്ചവരും തമ്മിലാണെന്നും ആകാശ് തില്ലങ്കേരി അടക്കമുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും ഉദ്ധരിച്ച് ടി. സിദ്ദിഖ് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.