കോഴിക്കോട്: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് പി.കെ. അശോകന് മര്‍ദ്ദേനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്ച്ച കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഐ.എം.എ പ്രഖ്യാപിച്ച സമരത്തെ കെ.ജി.എം.ഒ.എയും പിന്തുണയ്ക്കും.
അതേസമയം ഡോക്ടറെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ കീഴടങ്ങി. കുന്നമംഗലം സ്വദേശികളായ മുഹമ്മദലി, സഹീര്‍ എന്നിവരാണ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ശനിയാഴ്ച്ച നടന്ന സംഭവത്തില്‍ കുന്നംമംഗലം സ്വദേശികളായ ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
ചികിത്സ വൈകിയെന്നാരോപിച്ചുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഡോ.പി.കെ. അശോകന് മര്‍ദനമേറ്റത്. പൊലീസിന്റെ സാന്നിധ്യത്തിലുണ്ടായ അതിക്രമം ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്ന് ഐ.എം.എ പറഞ്ഞു. കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഭീഷണി നേരിടുകയാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന നടപ്പാകാറില്ലെന്നും ഐഎംഎ കുറ്റപ്പെടുത്തി.