ലൈഫ് മിഷൻ അഴിമതി: സി.എം. രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും; ശിവശങ്കറിന്റെ റിമാൻ‍ഡ് കാലാവധി നീട്ടാൻ ഇന്ന് കോടതിലേക്ക്

ലൈഫ് മിഷൻ അഴിമതി: സി.എം. രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും; ശിവശങ്കറിന്റെ റിമാൻ‍ഡ് കാലാവധി നീട്ടാൻ ഇന്ന് കോടതിലേക്ക്

കൊച്ചി: ലൈഫ് മിഷൻ അഴിമതിയിലെ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ ചൊവ്വാഴ്ച പത്തര മണിക്കൂർ ചോദ്യം ചെയ്തിരുന്നെങ്കിലും രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതിനായി രവീന്ദ്രനെ ഇഡി വൈകാതെ വിളിപ്പിക്കുമെന്നാണ് വിവരം. 

ഇടപാടുമായി തനിക്ക് ഒരു ബന്ധമില്ലെന്ന് രവീന്ദ്രൻ മൊഴി നൽകി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ലൈഫ് മിഷൻ സി.ഇ.ഒയായിരുന്ന യു.വി. ജോസുമാണ് ചർച്ചകളും ഇടപാടുകളും നടത്തിയതെന്നും രവീന്ദ്രൻ മൊഴി നൽകിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഒന്നും അറിയില്ലെന്ന ശിവശങ്കറിന്റെ മൊഴിക്ക് വിരുദ്ധമാണ് രവീന്ദ്രന്റെ മൊഴി.

ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സി.എം. രവീന്ദ്രന്റെ  അറിവോടെയാണെന്നാണ് സ്വപ്ന മൊഴി നൽകിയിരുന്നു. കോഴയിൽ രവീന്ദ്രന്റെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. 

ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. റിമാൻ‍ഡ് കാലാവധി പുതുക്കുന്നതിനാണിത്. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി നേരത്തെ തളളിയുന്നു. ഇതിനെതിരെ ശിവശങ്കർ ഈയാഴ്ച തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.