കാക്കനാട്: കൊല്ലം രൂപതയുടെ മുന്‍ മെത്രാന്‍ ജോസഫ് ജി. ഫെര്‍ണാണ്ടസ് തന്റെ ശുശ്രൂഷാമേഖലകളില്‍ ജനങ്ങള്‍ക്കും തന്നോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവര്‍ക്കും ഒരുപോലെ സ്വീകാര്യനായ അജപാലകനായിരുന്നുവെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു.
അഭിവന്ദ്യ ജോസഫ് പിതാവ് മെത്രാനായിരുന്ന കാലം മുതല്‍ അടുത്ത് പരിചയമുണ്ടായിരുന്നത് കര്‍ദിനാള്‍ ഓര്‍മിച്ചു. കൊല്ലം രൂപതയുടെ മെത്രാന്‍ എന്ന നിലയിലും കെസിബിസി വൈസ് പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
തന്റെ മുന്‍ഗാമിയായിരുന്ന അഭിവന്ദ്യ ജെറോം ഫെര്‍ണാണ്ടസ് പിതാവിന്റെ ആധ്യാത്മിക ശൈലിയിലും മനുഷ്യബന്ധം സ്ഥാപിക്കാനുള്ള സ്വതസിദ്ധമായ കഴിവുകള്‍ ഉപയോഗിച്ചും കൊല്ലം രൂപതയുടെ മെത്രാന്‍ എന്ന നിലയില്‍ അഭിവന്ദ്യ ജോസഫ് പിതാവ് പ്രവര്‍ത്തിച്ചു.
വൈദികരോടും സമര്‍പ്പിതരോടും ജനങ്ങളോടും ഒരുപോലെ സൗഹൃദത്തിലും നിരന്തരമായ സംഭാഷണത്തിലും പിതാവ് ഏര്‍പ്പെട്ടിരുന്നു. എല്ലാ അജപാലന രംഗങ്ങളിലും ശക്തമായ നേതൃത്വം നല്‍കിക്കൊണ്ടാണ് പിതാവ് പ്രവര്‍ത്തിച്ചത്. വൈദികര്‍ക്ക് അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടും എന്നാല്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയും അദ്ദേഹം സംഘാതാത്മകമായ നേതൃത്വശൈലി പ്രാവര്‍ത്തികമാക്കി.
ജനങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നു, അദ്ദേഹം അവരെയും. പൗരോഹിത്യപ്പട്ടം സ്വീകരിച്ചതിനുശേഷം 73 വര്‍ഷവും മെത്രാനായതിനുശേഷം 44 വര്‍ഷവും സഭയില്‍ നിസ്വാര്‍ത്ഥമായ ശുശ്രൂഷ ചെയ്ത അഭിവന്ദ്യ ജോസഫ് ജി ഫെര്‍ണാണ്ടസ് പിതാവ് കൊല്ലം രൂപതയിലും കേരളാ കത്തോലിക്കാസഭയിലും എന്നും അനുസ്മരിക്കപ്പെടുമെന്ന് കര്‍ദിനാള്‍ തന്റെ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
അഭിവന്ദ്യ പിതാവിന്റെ പാവനസ്മരണയ്ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പരേതനായ പിതാവിന്റെ കുടുംബത്തോടും കൊല്ലം രൂപതയോടും വിശിഷ്യാ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ പോള്‍ ആന്റണി മുല്ലശ്ശേരി പിതാവിനോടും സ്റ്റാന്‍ലി റോമന്‍ പിതാവിനോടും തന്റെ അനുശോചനം അറിയിച്ചു.