തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് ഫെയ്‌സ്ബുക്ക് ലൈവില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ഇടനിലക്കാരനായെത്തിയ വിജയ് പിള്ള, എം.വി ഗോവിന്ദന്റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ രേഖകള്‍ നല്‍കണമെന്നും ആവശ്യപ്പെടുകയും പിന്നീട് ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍.
ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസും അന്വേഷണം നടത്തണം. സംസ്ഥാന മുഖ്യമന്ത്രിക്കും ഭരണകക്ഷിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും എതിരെ ഉന്നയിച്ചത് ദുരാരോപണമാണെങ്കില്‍ അതിനെ നിയമപരമായി നേരിടുമോയെന്നും വ്യക്തമാക്കണം.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബി.ജെ.പിക്കും സി.പി.എമ്മിനുമിടയില്‍ ഇടനിലക്കാരുണ്ട്. നേരത്തെ മാധ്യമ പ്രവര്‍ത്തകനായ ഷാജ് കിരണിന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ഷാജ് കിരണിന്റെ ബന്ധവും വെളിപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ഇടനിലക്കാരെ കുറിച്ചും അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.