കൊച്ചി: ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെ ഇഡി വേട്ടയാടുന്നുവെന്ന് ആരോപിച്ച് ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ജാമ്യം തേടി ഹൈക്കോടതിയിൽ. ചികിത്സാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
കേസിലെ മറ്റ് പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയാണ് തന്നെ മാത്രം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നുമാണ് ശിവശങ്കറിന്റെ പരാതി. ഇത് വേട്ടയാടലാണെന്നും ശിവശങ്കർ പറയുന്നു.
അതേ സമയം ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും. രണ്ടു ദിവസമായി ഇരുപത് മണിക്കൂർ ചോദ്യം ചെയ്തെങ്കിലും രവീന്ദ്രനെ പ്രതിചേർക്കുന്ന കാര്യത്തിൽ ഇ.ഡി അന്തിമ തീരുമാനമെടുത്തിട്ടില്ല.
രവീന്ദ്രൻ നൽകിയ മൊഴി എൻഫോഴ്സ്മെന്‍റ് പരിശോധിക്കുകയാണ്. ഇത് ശരിയാണോയെന്നറിയാൽ പദ്ധതിയുമായി നേരിട്ട് ഇടപെട്ട ചിലരിൽ നിന്ന് വിശദാംശങ്ങളും തേടുന്നുണ്ട്. മൊഴിയിൽ വ്യക്തത വരുത്തിയശേഷമാകും രവീന്ദ്രനെ വീണ്ടു വിളിച്ചുവരുത്തുക.