തിരുവനന്തപുരം: പാർട്ടിയേയും സർക്കാരിനേയും കൂടുതൽ പ്രതിസന്ധിയിലാക്കി ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സ്വപ്നയ്‌ക്കെതിരെ നിയമപരമായി മുന്നോട്ട് പോകാൻ സിപിഎമ്മിന് നട്ടെല്ലുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.
സ്വപ്നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലോട് കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ തൊലിയുരിഞ്ഞ് നില്‍ക്കുകയാണ്. ഇനിയും കൂടുതല്‍ അപഹാസ്യനാകാന്‍ നിന്ന് കൊടുക്കണോയെന്ന് അദ്ദേഹം ചിന്തിക്കണമെന്നും സുധാകരൻ പറഞ്ഞു.
മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ കടുത്ത ആരോപണം ഉന്നയിക്കാന്‍ അന്നത്തെ വിവാദ നായികയ്ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തെങ്കില്‍ ഇപ്പോള്‍ 30 കോടിയാണ് നല്‍കാന്‍ തയ്യാറായി നില്‍ക്കുന്നത്. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ കട്ടുമുടിച്ച് ഉണ്ടാക്കുന്ന പണമാണ് കേസ് ഒതുക്കാന്‍ സി.പി.എം വിനിയോഗിക്കുന്നത്.
കൊന്നും കൊലവിളിച്ചും പാരമ്പര്യം ഉള്ളവർ ഭരിക്കുന്നത് കൊണ്ടാണ് സ്വപ്നയെ തീർത്ത് കളയുമെന്ന് ഭീഷണി. സിപിഎം ഭരണത്തിൽ കേരളം അധോലോകമായി മാറിയെന്നും കെ സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രി മുമ്പ് പരാമര്‍ശിച്ചിട്ടുള്ള അവതാരങ്ങള്‍ ഓരോന്നായി കുടം തുറന്ന് പുറത്ത് വരുകയാണ്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും സംശയത്തിന്റെ ആനുകൂല്യം നല്‍കിയവര്‍ പോലും ഇപ്പോള്‍ മറിച്ചു ചിന്തിക്കുന്നുവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.