ബ്രഹ്മപുരത്തെ തീപിടുത്തം: നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി

ബ്രഹ്മപുരത്തെ തീപിടുത്തം: നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള സാഹചര്യം നിരീക്ഷിക്കാന്‍ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എന്നിവാണ് സമിതിയിലെ അംഗങ്ങള്‍. സമിതി ബ്രഹ്മപുരത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി.

ഹര്‍ജിയില്‍ വാദം കേള്‍ക്കേ ബ്രഹ്മപുരത്തെ തീ കാരണമുള്ള പുക എത്രനാള്‍ ജനങ്ങള്‍ സഹിക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി ചോദിച്ചു. ആറ് മേഖലകളിലെ തീയണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു.

ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും പുക മൂലം തലവേദന അനുഭവപ്പെട്ടെന്ന് കോടതി പറഞ്ഞു. ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചെന്ന് കൊച്ചി കോര്‍പറേഷന്‍ കോടതിയെ അറിയിച്ചപ്പോള്‍, ബ്രഹ്മപുരത്തെ അവസ്ഥ ഓണ്‍ലൈനില്‍ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു. നാളെ മുതല്‍ കൊച്ചിയിലെ മാലിന്യനീക്കം പുനരാരംഭിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.