കാല്‍മുട്ടിന് വേദന; ശിവശങ്കറിനെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാല്‍മുട്ടിന് വേദന; ശിവശങ്കറിനെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: ലൈഫ് മിഷന്‍ കള്ളപ്പണ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാല്‍മുട്ടു വേദനയെ തുടര്‍ന്നാണ് കാക്കനാട് ജില്ലാ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്. 

ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ശാരീരിക അവശതയും ബുദ്ധിമുട്ടുമുണ്ടെന്ന വിവരം ശിവശങ്കര്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. കാക്കനാട് ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. 

തൃശൂര്‍ വടക്കാഞ്ചേരിയിലെ പ്രളയബാധിതര്‍ക്കു വേണ്ടിയുള്ള 19 കോടി രൂപയുടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് കമ്മിഷനായി വാങ്ങിയ 4.50 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ശിവശങ്കറിനെതിരായ കേസ്. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഫെബ്രുവരിയിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.