ബ്രഹ്മപുരത്തെ തീ; അമേരിക്കയുടെ സഹായം തേടി ജില്ലാ ഭരണകൂടം; നിലവിലെ രീതി മികച്ചതെന്ന് വിദഗ്‌ധോപദേശം

ബ്രഹ്മപുരത്തെ തീ; അമേരിക്കയുടെ സഹായം തേടി ജില്ലാ ഭരണകൂടം; നിലവിലെ രീതി മികച്ചതെന്ന് വിദഗ്‌ധോപദേശം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ പത്ത് ദിവസമായി നീറിപ്പുകയുന്ന തീ അണയ്ക്കാന്‍ അമേരിക്കയുടെ സഹായം തേടി ജില്ലാ ഭരണകൂടം. ന്യൂയോര്‍ക്കിലെ അമേരിക്കന്‍ ഫയര്‍ ഡിപ്പാര്‍ട്‌മെന്റ് ഡെപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലിയുമായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉള്‍പ്പടെയുള്ളവര്‍ ഓണ്‍ലൈന്‍ വഴി ചര്‍ച്ച നടത്തി.

നിലവിലെ തീ അണയ്ക്കല്‍ രീതി തന്നെയാണ് ഉചിതമെന്ന വിദഗ്‌ധോപദേശമാണ് അദ്ദേഹം നല്‍കിയത്. തീ അണച്ച മേഖലകളില്‍ ജാഗ്രത വേണണെന്ന് അദ്ദേഹം നിര്‍ദേശിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലാ കളക്ടര്‍ക്ക് പുറമേ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമന്‍ (ഐഐടി ഗാന്ധിനഗര്‍) എന്നിവരും ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം ബ്രഹ്മപുരത്തെ തീപിടിത്തത്തിലും മാലിന്യ സംസ്‌കരണത്തിലും ഉത്തരവാദിത്തമില്ലെന്ന് കൈ കഴുകി സോണ്‍ട കമ്പനി. ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ സംസ്‌കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോണ്‍ട കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ബയോ മൈനിംഗ്, കാപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്‌കരണം എന്നിവ മാത്രമാണ് കമ്പനിയുടെ ഉത്തരവാദിത്തം. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണവും പ്ലാസ്റ്റിക് സംസ്‌കരണവും സോണ്‍ട കൈകാര്യം ചെയ്യേണ്ടതല്ലെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണം മാലിന്യങ്ങളില്‍ നിന്നുള്ള മീഥേന്‍ ബഹിര്‍ഗമനവും കനത്ത ചൂടുമാണെന്നും സോണ്‍ട പറയുന്നു. 2021 സെപ്റ്റംബര്‍ ആറിനാണ് കൊച്ചി കോര്‍പ്പറേഷനുമായി കരാറിലെത്തിയതെന്നും 2022 ജനുവരി 21 നാണ് ആദ്യമായി സൈറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയതെന്നും സോണ്‍ട വ്യക്തമാക്കുന്നു.

ഫെബ്രുവരിയിലും മാര്‍ച്ചിലുമായി കോര്‍പ്പറേഷന്‍ അയച്ചുവെന്ന് പറയുന്ന കത്തുകള്‍ കിട്ടിയിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിയുന്നത്. സര്‍ക്കാരിന്റെ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും സോണ്‍ട വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.